ബുംറയ്ക്ക് പോലും എന്ത് ചെയ്യണെമെന്ന് അറിയാത്ത അവസ്ഥയായിരുന്നു, വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ എടുക്കണം: ഇർഫാൻ പത്താൻ

രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവ താരം വൈഭവ് സൂര്യവൻഷി നടത്തുന്നത്. മുംബൈക്കെതിരെ നടന്ന മത്സരത്തിലും മികച്ച ബാറ്റിംഗാണ് താരം നടത്തിയത്. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.

ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറ വൈഭവ് പോരാട്ടം കാണാനാണ്. മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. ഇതോടെ വൈഭവിലുള്ള ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ വർധിച്ചു. ഇപ്പോഴിതാ വൈഭവിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

“ബുംറയ്ക്ക് പോലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. വൈഭവിന്റെ ബാറ്റിംഗ് ബുംറയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളറാണ് ബുംറ, അദ്ദേഹത്തിന് മുന്നിലാണ് വൈഭവ് ഈ പ്രകടനം നടത്തിയത്.”

‘ഈ കുട്ടിയെ കാത്തിരുത്തരുത്. അവന് ഇന്ത്യൻ ടീമിന്റെ ക്യാപ് നൽകൂ. 20 വർഷം പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ ശേഷിയുള്ള താരമാണ് വൈഭവ്. അവന്റെ അൾട്രാ അഗ്രസീവ് ശൈലി ബൗളർമാർക്ക് എന്നും പേടിസ്വപ്നമായിരിക്കും.” ഇർഫാൻ പത്താൻ പറഞ്ഞു.