കളികാണാന്‍ ഇന്ത്യയിലെത്തി, ക്രൂരമായി അപമാനിക്കപ്പെട്ട് അഫ്ഗാന്‍ ആരാധകന്‍

യുദ്ധം തകര്‍ത്ത നാട്ടില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണു ഷേര്‍ ഖാന്‍ എന്ന ക്രിക്കറ്റ് ആരാധകന്‍ അഫ്ഗാനിസ്ഥാന്റെ മത്സരം കാണാന്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കാബൂളില്‍നിന്നു ലക്‌നൗവിലേക്കുളള തന്റെ യാത്രയെക്കാള്‍ വലിയ പ്രയാസമാണ് ഇന്ത്യയില്‍ ഷേര്‍ ഖാനെ കാത്തിരുന്നത്.

താമസിക്കാന്‍ ഒരു മുറി കിട്ടാതെ മൂന്ന് ദിവസം ഈ ആരാധകന് അലഞ്ഞു തിരിയേണ്ടി വന്നു. മാത്രമല്ല ആളുകളുടേയെല്ലാം തുറിച്ച് നോട്ടത്തിനും ഷേര്‍ഖാന്‍ ഇരയായി.

ഏതു ഹോട്ടലില്‍ ചെന്നാലും ഷേര്‍ ഖാനെ കാണുമ്പോള്‍തന്നെ ജീവനക്കാര്‍ റൂം നിഷേധിയ്ക്കും. കാരണം ഷേര്‍ ഖാന്റെ ഉയരവും രൂപവുമായിരുന്നു. എട്ടടി രണ്ടിഞ്ചാണ് (2.489 മീറ്റര്‍) ഈ കാബൂള്‍ സ്വദേശിയുടെ ഉയരം.

ഇത്രയും പൊക്കമുള്ള ആള്‍ക്കു തല മുട്ടാതെ താമസിക്കാന്‍ പറ്റിയ സൗകര്യം ഇല്ലെന്നു പറഞ്ഞാണു ഹോട്ടലുകാര്‍ ഷേര്‍ ഖാനെ മടക്കിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ പൊലീസ് സ്റ്റേഷനിലെത്തി ഖാന്‍ പരാതി നല്‍കി. പൊലീസുകാര്‍ ഇടപെട്ടു താമസസ്ഥലം ഒരുക്കുകയും ചെയ്തു.

വെസ്റ്റിന്‍ഡീസിനെതിരായ അഫ്ഗാനിസ്ഥാന്റെ ഏകദിന മത്സരം കാണാനാണു ഷേര്‍ ഖാന്‍ ലക്‌നൗവിലെത്തിയത്. ആഭ്യന്തരപ്രശ്‌നങ്ങള്‍മൂലം അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഇപ്പോള്‍ ഇന്ത്യയാണ്. ആദ്യ ഏകദിനത്തില്‍ ഖാന്റെ ടീം മോശം ബാറ്റിംഗ് പ്രകടനമാണു നടത്തിയത്. വിന്‍ഡീസിനെതിരെ 45.2 ഓവറില്‍ 194 റണ്‍സിനു പുറത്തായി. വിന്‍ഡീസ് ഏഴു വിക്കറ്റിന് മത്സരം ജയിക്കുകയും ചെയ്തു