നൊസ്റ്റു വരുന്നെടാ, ധോണി കോഹ്‌ലിയെ ആ സമയം ഓർത്തത് പോലെ സഞ്ജുവും; രാജസ്ഥാൻ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബോളറുമാരെ ഈഡൻ ഗാർഡൻസിൽ യശസ്വി ജയ്‌സ്വാൾ കൂട്ടക്കൊല ചെയ്ത രാത്രിയിൽ ഇന്നലെ രാജസ്ഥാൻ റോയൽസ് 13.1 ഓവറിൽ 150 റൺസ് പിന്തുടർന്നപ്പോൾ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയാണ് ജയ്‌സ്വാൾ നേടിയത്.

കൊൽക്കത്ത ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ വളരെ വിഷമിച്ച ട്രാക്കിലാണ് ജയ്‌സ്വാൾ ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടിയത്. ആദ്യ 2 പന്തിലും സിക്സ് അടിച്ച് തുടങ്ങിയ ജയ്‌സ്വാളിനെ പിടിച്ചുകെട്ടാൻ ഒരു മരുന്നും കൊൽക്കത്ത ബോളറുമാരുടെ അടുത്ത് ഇല്ലായിരുന്നു. അതിനിടയിൽ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ നിതീഷ് റാണ തന്നെ ആദ്യ ഓവർ എറിയുകയും ചെയ്തു. അതോടെ സമ്മർദ്ദം മുഴുവൻ കൊൽക്കത്തക്കായി.

എന്തായാലും സഞ്ജു- ജയ്‌സ്വാൾ കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാൻ ജയം ഉറപ്പിച്ച സമയത്താണ് രാജസ്ഥാൻ ട്വിറ്ററിൽ 2014 ലോകകപ്പിലെ ഒരു സംഭവം ഓർമിപ്പിച്ച് ട്വീറ്റ് ചെയ്തത്. 2014 ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ, മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഇന്ത്യക്ക് ഒരു റൺസ് മാത്രം മതിയായിരുന്നു, ഒരു ഓവറും ബാക്കി ഉണ്ടായിരുന്നു. ധോണി ഫിനിഷ് ചെയ്യുമെന്ന് എല്ലാവരും കരുതി ഇരുന്ന സമയത്തായാണ് അയാൾ 19 ആം ഓവറിന്റെ അവസാന പന്ത് പ്രതിരോധിച്ചത്. മത്സരത്തിൽ തിളങ്ങിയ വിരാട് കോഹ്‌ലിക്ക് വിജയ റൺസ് നേടാനുള്ള അവസരം നൽകാൻ ധോണി തീരുമാനിക്കുക ആയിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഇതിഹാസ താരം ഡെയ്ൽ സ്റ്റെയ്‌നെ ബൗണ്ടറിക്ക് പറത്തിയ കോഹ്‌ലി ആറ് വിക്കറ്റിന്റെ ജയത്തിലേക്ക് നയിച്ചു.

ഇന്നലെ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ധോണിയെ പോലെ ജയ്‌സ്വാളിന് സമാനമായ അവസരം നൽകിയിരുന്നു. ഇത്തവണ വിജയ റൺസ് അടിച്ചുകൂട്ടിയതിനു പുറമെ സെഞ്ച്വറി കടക്കാനുള്ള അവസരവും ജയ്‌സ്വാളിനു ലഭിച്ചു. കെ‌കെ‌ആറിനെതിരെ സെഞ്ചുറിയും വിജയ് റൺസും നേടാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ താരം വിജയ റൺ നേടിയത് ബൗണ്ടറി അടിച്ചായിരുന്നു. സെഞ്ച്വറി നേടിയിലെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് ഹരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായി ഇത് ഓർപ്പിക്കപ്പെടും.