തല്ലും തലോടലും ഒരുമിച്ച് വേണ്ട, ഇന്ത്യൻ ആരാധകരുടെ നിലവാരം നന്നായി അറിയാം; ആഞ്ഞടിച്ച് ഹാരി ബ്രൂക്ക്

ഇന്ത്യൻ മണ്ണിൽ ഒരു വിദേശ താരം ആദ്യമായി ഐ.പി.എൽ ടൂർണമെന്റിന് എത്തുന്നു. ആദ്യ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം ചില പ്രതിസന്ധികൾ അനുഭവിക്കുക എന്നത് സാധാരണമാണ്. ഇന്ത്യൻ മണ്ണിൽ നിന്റെ ഒരു നമ്പരും നടക്കില്ല , പാക്കിസ്ഥാനിലെ ടാറിട്ട പിച്ച് അല്ല ഇത് , ഉൾപ്പടെ അനേകം കമ്മെന്റുകളും ട്രോളുകളും താരത്തെ തേടിയെത്തും. ഇങ്ങനെ ഈ വർഷത്തെ സീസണിൽ ഏറ്റവും കൂടുതൽ മോശം ട്രോളുകൾക്ക് ഇരയാകേണ്ടി വന്ന താരമാണ് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. സീസണിൽ 13 കോടിയിലകം രൂപ മുടക്കി ഹൈദരാബാദ് ടീമിലെത്തിച്ച താരം ആദ്യ 3 കളികളിലും നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന കൊൽക്കത്തയുമായിട്ടുള്ള മത്സരത്തിൽ താരം ഈ സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാറി. 55 പന്തിലാണ് താരം സെഞ്ചുറി നേടിയത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഹാരി ബ്രൂക്ക് അതൊക്കെ തിരുത്തിക്കുറിയ്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഓവറിൽ തന്നെ 3 ബൗണ്ടറികൾ നേടി തന്റെ നയം താരം വ്യക്തമാക്കി. ശേഷം വളരെ പക്യതയോടെ കളിച്ച താരം കൂട്ടാളികൾ പലരും മടങ്ങിയപ്പോഴും ക്രീസിൽ ഉറച്ചു നിന്നു . നായകൻ മാക്രം അർദ്ധ സെഞ്ച്വറി നേടിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച ബ്രൂക്ക് 32 പന്തിലായിരുന്നു അർദ്ധ സെഞ്ച്വറി നേടിയതെങ്കിൽ പിന്നീട് സെഞ്ചുറിയിക്ക് എത്താൻ എടുത്തത് 23 പന്തുകൾ മാത്രം.

എന്തായാലും അവസാനം 23 റൺസിന് ഹൈദരാബാദ് ജയിച്ച മത്സരത്തിനൊടുവിൽ ഒരുപാട് ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. എന്നാൽ ഹാരി ബ്രൂക്ക് പഴയതൊന്നും മറന്നിട്ടില്ല. മത്സരത്തിന് ശേഷം നടന്ന പുരസ്‌ക്കാര ച്ചടങ്ങിൽ അദ്ദേഹം ഇതിനെതിരെ പറയുകയും ചെയ്തു. ബ്രൂക്ക് പറഞ്ഞത് ഇങ്ങനെ:

“നിങ്ങൾ സോഷ്യൽ മീഡിയയിലാണെങ്കിൽ, ആളുകൾ നിങ്ങളെ ചവറ്റുകൊട്ട എന്ന് വിളിക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം നിങ്ങളുടെ കഴിവിൽ സംശയിക്കാൻ തുടങ്ങും. നന്നായി ചെയ്തുവെന്ന് പറയുന്ന ധാരാളം ഇന്ത്യൻ ആരാധകർ ഉണ്ടാകും, പക്ഷേ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ എന്നെ ചീത്ത പറഞ്ഞിരുന്നു. ഇപ്പോൾ അവരുടെ അടുത്ത് നിന്നും നല്ല വാക്കുകൾ കേട്ടപ്പോൾ സന്തോഷം.”

ബ്രൂക്കിന്റെ അഭിപ്രായത്തിൽ പല ആരാധകരും സ്തംഭിച്ചുപോയി, ബാറ്ററെ വിമർശിക്കാൻ വീണ്ടും സോഷ്യൽ മീഡിയയിലേക്ക് അവർ എത്തി . ഐപിഎൽ ലേലത്തിൽ 13.25 കോടി രൂപയ്ക്ക് വാങ്ങിയതിനാൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ വിമർശനം നേരിടേണ്ടിവരുമെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടി.