ഇഷാനും ശ്രേയസിനും എതിരെ അച്ചടക്ക നടപടി?, പ്രതികരിച്ച് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ സെലക്ഷനില്‍ ഇരുവരും ഉണ്ടായിരുന്നില്ലെന്നും ദ്രാവിഡ് മൊഹാലിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇഷാന്‍ കിഷന്റെ കാര്യം തീര്‍ച്ചയായും അങ്ങനെയല്ല. സെലക്ഷന് അദ്ദേഹത്തെ ലഭ്യമായിരുന്നില്ല. ഇഷാന്‍ ഒരു ബ്രേക്ക് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയില്‍വെച്ച് ഞങ്ങള്‍ അത് അനുവദിക്കുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്നതും അച്ചടക്ക നടപടിയൊന്നുമല്ല. അദ്ദേഹത്തിന് ടീമില്‍ ഇടമുണ്ടായിരുന്നില്ല. ഇവിടെ ഒരുപാട് ബാറ്റര്‍മാരുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലും ശ്രേയസ് അയ്യര്‍ കളിച്ചിരുന്നില്ല- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

വെള്ളിയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ശ്രേയസ് മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങുന്നുണ്ട്. ഇരുവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.