ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; ദിനേശ് കാര്‍ത്തിക് അരങ്ങേറ്റം കുറിക്കും

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ വീണ്ടും ഹോം അരങ്ങേറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കാര്‍ത്തിക് കമന്ററേറ്ററായി ഉണ്ടാകും. കളി പറച്ചിലില്‍ ഇന്ത്യയില്‍ വെച്ചുള്ള താരത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ഇന്ത്യയില്‍ വെച്ച് താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതും ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

സ്വന്തം തട്ടകത്തില്‍ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. പരമ്പരയ്ക്ക് ഈ മാസം 9 ന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.

അതേസമയം, ഒന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുറത്തായി. പുറത്തിനേറ്റ പരിക്ക് പൂര്‍ണ്ണമായി സുഖമാകാത്തതിനാലാണ് താരത്തിന്റെ പിന്മാറ്റം. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ടെസ്റ്റ് പരമ്പരയുടെ അവസാന ഭാഗത്തില്‍ ജസ്പ്രീത് ബുംറ തന്റെ തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ബുംറ ബോളിംഗ് ആരംഭിച്ചു. നാല് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം മുതല്‍ ബുംറ കളിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരത്തെ താരം ഐപിഎല്ലിലെ തിരിച്ചുവരികയുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാട്കട്ട്.