'ജയ്സ്വാള്‍ നിങ്ങളില്‍നിന്ന് പഠിച്ചെന്നോ..'; ബെന്‍ ഡക്കറ്റിനെതിരെ നാസര്‍ ഹുസൈന്‍

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെ ആക്രമണാത്മക കളിയുടെ ക്രെഡിറ്റ് ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ സമീപനത്തിന് നല്‍കണമെന്ന ബെന്‍ ഡക്കറ്റിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്ഡ താരം നാസര്‍ ഹുസൈന്‍. ശിക്ഷണം, കഠിനാധ്വാനം, ഐപിഎല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ കാരണമെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

അവന്‍ നിങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല. അവന്‍ അവന്റെ ശിഷണത്തില്‍ നിന്ന് പഠിച്ചു, വളര്‍ന്നപ്പോള്‍ അവന്‍ കഠിനമായി പ്രയത്‌നിച്ചു, ഒപ്പം ഐപിഎല്ലില്‍നിന്നും അവന്‍ പഠിച്ചു. എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ അവനെ നോക്കി പഠിക്കും- ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റില്‍ മൈക്കല്‍ ആതര്‍ട്ടണോട് പറഞ്ഞു.

വെറും 236 പന്തില്‍ 14 ബൗണ്ടറികളും 12 സിക്സറുകളും സഹിതം 214 റണ്‍സ് നേടിയ മികച്ച പ്രകടനമാണ് താരം കാഴചവെച്ചത്. ജയ്സ്വാള്‍ നേരിട്ട ആദ്യ 64 പന്തില്‍ 29 റണ്‍സ് മാത്രമായിരുന്നു നേടിയതെന്ന് ശ്രദ്ധേയമാണ്. ഈ ഇന്നിംഗ്‌സിന്റെ ബലത്തില്‍ മത്സരത്തില്‍ 434 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നു മത്സരം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് ജയ്സ്വാള്‍. വെറും ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന്, 109 ശരാശരിയില്‍ 545 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 81.10 ആണ്.