'ധോണി ഉടനെ കളിക്കളത്തിലേക്ക് മടങ്ങി വരില്ല, ഇനിയും സമയമെടുക്കും'; തുറന്ന് പറഞ്ഞ് പരിശീലകൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്. നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഇന്നലെ നടന്ന മത്സരത്തിൽ 60 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 74 റൺസ് നേടി. ഇത്രയും പന്തുകൾ ഉപയോഗിച്ച് കളിച്ചത്തിൽ ആരാധകരോഷവുമുണ്ട്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.

ഈ സീസണിൽ മികച്ച തുടക്കമല്ല ചെന്നൈക്ക് ലഭിച്ചത്. ഓരോ മത്സരങ്ങൾ തോൽക്കുന്നത് കൊണ്ട് ആരാധകർ എം എസ് ധോണിയുടെ തിരിച്ച് വരവിനായിട്ടാണ് കാത്തിരിക്കുന്നത്. എന്നാൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് വീണ്ടും നിരാശ വാർത്തയാണ് ലഭിക്കുന്നത് . സൂപ്പര്‍താരം എംഎസ് ധോണി കളിക്കളത്തിലേക്കെത്താന്‍ ഇനിയും വൈകുമെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. കാലിനേറ്റ പരിക്കാണ് ധോണിക്ക് തിരിച്ചടിയുണ്ടാക്കുന്നത്. പരിക്ക് ഭേദപ്പെട്ട് വരുന്നതേയുള്ളൂവെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു.

പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാലിനേറ്റ പരിക്ക് സങ്കീര്‍ണവുമാണ്. സുഖംപ്രാപിച്ച് വരുന്ന ധോണി കാലിന്റെ ചലനശേഷി പൂര്‍ണമായി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. പൂര്‍ണ ശ്രദ്ധ അതില്‍മാത്രമാണെന്നും പരിക്ക് ഭേദമാകാതെ കളിക്കുന്നത് സീസണ്‍ നഷ്ടപ്പെടാനിടയാക്കുമെന്നും സ്റ്റീഫന്‍ ഫ്‌ളെമിങ് പറയുന്നു.