ധവാന്‍ ടീമിന് അനുയോജ്യനല്ല, ഒടുവിലത് തുറന്നുപറഞ്ഞ് അഗാര്‍ക്കര്‍

ഏഷ്യന്‍ ഗെയിംസിന് പിന്നാലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോഴും ഓപ്പണര്‍ ബാറ്റര്‍ ശിഖര്‍ ധവാന് ഇടം ലഭിച്ചില്ല. ഇതോടെ ലോകകപ്പ് ടീമിലും ധവാന്‍ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇപ്പോള്‍ ധവാന്റെ ഭാവിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മുഖ്യ സിലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍.

രോഹിത് ശര്‍മ്മ ഒരു മോശം താരമല്ല. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. ഇരുവരെയും കൂടാതെ ഇഷാന്‍ കിഷാനും ഓപ്പണറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍ മികച്ച താരമാണ്. എന്നാല്‍ ഇപ്പോള്‍ ടീമിന് അനുയോജ്യമായ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്- അഗാര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 167 ഏകദിനങ്ങളില്‍ 6,793 റണ്‍സ് നേടിയ താരമാണ് ധവാന്‍. 68 ടി20യില്‍നിന്ന് 1,759 റണ്‍സും 34 ടെസ്റ്റില്‍നിന്ന് 2,315 റണ്‍സും ധവാന്‍ നേടിയിട്ടുണ്ട്.

37 കാരനായ ധവാന്റെ കരിയര്‍ ഏകദേശം അവസാനിച്ചതായാണ് വിലയിരുത്തല്‍. 2022 ഡിസംബറിന് ശേഷം ധവാന് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല.