സിക്‌സും ഫോറും ചറപറ, ഞെട്ടിക്കുന്ന ക്യാച്ച്, വീണ്ടും എബിഡി ഗര്‍ജനം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും തന്റെ പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ തുടങ്ങിയ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ തന്റെ ടീമായ മിഡില്‍ സക്‌സിനായി തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഡിവില്ലേഴ്‌സ്.

എസക്‌സിനെതിരെ നടന്ന മത്സരത്തില്‍ 43 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് ഡിവില്ലേഴ്‌സ് അടിച്ചെടുത്തത്. അഞ്ച് ഫോറും ആറ് സിക്‌സും അടങ്ങിയതായിരുന്നു ഡിവില്ലേഴ്‌സിന്റെ ഇന്നിംഗ്‌സ്. ഡിവില്ലേഴ്‌സിന്റെ ബാറ്റിംഗ് മികവില്‍ മൂന്ന് ഓവര്‍ അവശേഷിക്കെ ഏഴ് വിക്കറ്റിനാണ് മിഡില്‍ സക്‌സ് വിജയിച്ചത്.

ബാറ്റിങ്ങില്‍ വെടിക്കെട്ട് നടത്തുന്നതിന് മുമ്പ് ഫീല്‍ഡിങ്ങില്‍ റിലേ ക്യാച്ച് എടുത്തും ഡിവില്ലിയേഴ്സ് ആരാധകരെ ഞെട്ടിച്ചിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടടുത്ത് വെച്ച് ക്യാച്ചെടുത്തതിന് ശേഷം ഡിവില്ലിയേഴ്സ് പന്ത് തൊട്ടടുത്ത് നിന്ന സഹതാരത്തിന്റെ കൈകളിലേക്ക് എറിഞ്ഞ് നല്‍കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന എസക്‌സ്, റയാന്‍ടെന്‍ ഡോഷറ്റിന്റെ ബാറ്റിംഗ് മികവില്‍ 164/6 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തുകയായിരുന്നു. 46 പന്തില്‍ 6 ബൗണ്ടറികളും, 3 സിക്‌സറുകളുമടക്കം 74 റണ്‍സാണ് ഡോഷറ്റ് നേടിയത്.

ഐപിഎല്‍ അവസാനിച്ചതിന് ശേഷം ഡിവില്ലേഴ്‌സ് കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.