90 പന്തില്‍ 226 റണ്‍സ്, 20 സിക്‌സ്, അമ്പരപ്പിച്ച് ഇംഗ്ലീഷ് ടീം

ടി20 ക്രിക്കറ്റില്‍ വിസ്മയം തീര്‍ത്ത് പ്രകടനവുമായി ഇംഗ്ലീഷ് കൗണ്ടി ടീമായ എസക്‌സ് ക്രിക്കറ്റ് ക്ലബ്. ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി ട്വന്റി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സറേയ്‌ക്കെതിരെയാണ് എസക്‌സ് ബാറ്റിംഗ് വിസ്‌ഫോടനം അഴിച്ച് വിട്ടത്. മഴയെ തുടര്‍ന്ന് 15 ഓവര്‍ മാത്രമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത് നാല് വിക്കറ്റിന് 226 റണ്‍സാണ് എസക്‌സ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 20 സിക്‌സുകളാണ് എസക്‌സ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്.

49 പന്തില്‍ ഏഴ് ബൗണ്ടറികളും 14 സിക്‌സറുകളുമടക്കം 129 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം കാമറോണ്‍ ഡെല്‌പോര്‍ട്ടിന്റെ പ്രകടനമാണ് എസക്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബൗണ്ടറികളില്‍ നിന്ന് മാത്രം 112 റണ്‍സാണ് ഡെല്‍പ്പോര്‍ട്ട് നേടിയത്. അവസാന ഓവറിലായിരുന്നു താരം പുറത്തായത്.

ഇംഗ്ലീഷ് യുവതാരം ഡാനിയേല്‍ ലോറണ്‍സ് 22 പന്തുകളില്‍ പുറത്താകാതെ 57 റണ്‍സും അടിച്ചെടുത്തു. ആറ് സിക്‌സും രണ്ട് ബൗണ്ടറികളും സഹിതമായണ് ലോറണ്‍സിന്റെ ഇന്നിംഗ്‌സ്. മൂന്ന് ഓവറില്‍ 63 റണ്‍സ് വഴങ്ങിയ മീഡിയം പേസര്‍ ടോം കുറാനാണ് എസക്‌സ് ബാറ്റ്‌സ്മാന്‍മാരുടെ ചൂട് ശരിയ്ക്കുമറിഞ്ഞത്.

Read more

മറുപടി ബാറ്റിംഗിനിറങ്ങിയ സറെ 15 ഓവറില്‍ ഏഴ് വിക്കറ്റിന് 174 റണ്‍സെടുത്തു. ഇതോടെ എസക്‌സ് 52 റണ്‍സിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.