ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തി; കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ

ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സന് പ്രതീക്ഷാനിര്‍ഭരമായ ജയം. അതിനിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിന് കൊല്‍ക്കത്ത കീഴടക്കി. ഇതോടെ 10 പോയിന്റുമായി നൈറ്റ് റൈഡേഴ്‌സ് ടേബിളില്‍ നാലാം സ്ഥാനത്തേക്കു കയറി. സ്‌കോര്‍: ഡല്‍ഹി- 127/9 (20 ഓവര്‍). കൊല്‍ക്കത്ത- 130/7 (18.2).

ചെറിയ സ്‌കോറുകളുടെ മത്സരത്തിന്റെ നിര്‍ണായക സമയങ്ങളില്‍ കാട്ടിയ ധൈര്യമാണ് നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ചത്. ശുഭ്മാന്‍ ഗില്ലും (30) വെങ്കടേഷ് അയ്യരും (14) തരക്കേടില്ലാത്ത തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. എന്നാല്‍ രാഹുല്‍ ത്രിപാഠി (9), ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (0), ദിനേശ് കാര്‍ത്തിക് (12) എന്നിവരെ വീഴ്ത്തിയ ഡല്‍ഹി ഒരു ഘട്ടത്തില്‍ മത്സരത്തില്‍ പിടിമുറക്കി.

പക്ഷേ, 16-ാം ഓവറില്‍ കാഗിസോ റബാഡയെ രണ്ട് സിക്‌സിനും ഒരു ബൗണ്ടറിക്കും ശിക്ഷിച്ച സുനില്‍ നരെയ്ന്‍ (21) കളി കൊല്‍ക്കത്തയുടെ വഴിക്ക് തിരിച്ചു. ഒരറ്റത്ത് പിടിച്ചുനിന്ന നിതീഷ് റാണയും ആക്രമണോത്സുകത കാട്ടിയതോടെ നൈറ്റ് റൈഡേഴ്‌സ് വിജയത്തിലേക്ക് കുതിച്ചു. 27 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 36 റണ്‍സുമായി റാണ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ആവേശ് ഖാനാണ് ഡല്‍ഹി ബോളര്‍മാരില്‍ മുമ്പന്‍.

ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സിന് വേണ്ടി സ്റ്റീവ് സ്മിത്ത് (39), ഋഷഭ് പന്ത് (39), ശിഖര്‍ ധവാന്‍ (24) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും നിലവാരം കാട്ടിയുള്ളൂ. ശ്രേയസ് അയ്യരും (1) ഷിമ്രോണ്‍ ഹെറ്റ്മയറും (4) ലളിത് യാദവും (0) അക്സര്‍ പട്ടേലും (0) നിരാശപ്പെടുത്തി. നൈറ്റ് റൈഡേഴ്സിനായി സുനില്‍ നരെയ്ന്‍ വെങ്കടേഷ് അയ്യര്‍ ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.