വാര്‍ണറുടെ കണക്കുകൂട്ടലുകളെ ആകെ തെറ്റിച്ചു കളഞ്ഞൊരു പന്ത്! ബോളര്‍ ഭുവിയായിരുന്നു, പക്ഷെ...

സനല്‍ കുമാര്‍ പത്മനാഭന്‍

ഡല്‍ഹി വെസ് ഹൈദരാബാദ് ….. പത്തൊന്പതാമത്തെ ഓവര്‍ …എതിരാളികള്‍ക്ക് ഒരു റണ്‍സ് എങ്കിലും ചുമ്മാ കൊടുത്താല്‍ നെഞ്ചു പിടക്കുന്ന അറു പിശുക്കനായ ഒരു ബൗളര്‍ , തന്റെ ടീമിന്റെ സ്‌കോര്‍ കാര്‍ഡ് ചലിപ്പിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന ഒരു ബാറ്റര്‍ക്കെതിരെ പന്തെറിയാന്‍ പോകുകയാണ്….

ബൈജുവിന്റെ അതിപ്രശസ്തമായ ‘ അയാള്‍ ആളൊരു സൈക്കോയാണ് , അയാള്‍ എപ്പോള്‍ എങ്ങനെ എന്ത് ചെയ്യുമെന്ന് ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല ‘ എന്ന ഡയലോഗിലെ നായകനെ അനുസ്മരിപ്പിക്കുന്ന സ്വഭാവസവിഷേതകള്‍ ക്രീസില്‍ പിന്തുടരുന്ന ആ ബാറ്റര്‍ക്കെതിരെ പന്തെറിഞ്ഞു അയാളെ പന്തുകള്‍ കൊണ്ട് വരഞ്ഞു മുറുക്കി തളക്കുമ്പോള്‍ കിട്ടുന്ന ആ മത്തു പിടിപ്പിക്കുന്ന ലഹരി ആവോളം നുണയുക എന്നത് തന്നെയാണ് ബൗളറുടെ ലക്ഷ്യവും ……

ബൗളറുടെ ആദ്യ പന്തിനെ , ഒരു ബൗളര്‍ക്കും സ്വന്തം വിധിയെ പഴിക്കുകയല്ലാതെ വേറൊന്നും ചെയ്യാന്‍ നിര്വാഹമില്ലാത്ത റിവേഴ്സ് സ്റ്റാന്‍ഡ്സിലൂടെ നേരിടാന്‍ ആണ് ആ ബാറ്റ്‌സ്മാന്‍ ശ്രമിക്കുന്നത് …. !
ഇടതു കയ്യന്‍ ബാറ്‌സ്മാനു വേണ്ടി സെറ്റ് ചെയ്ത ഫീല്‍ഡിങ് പൊസിഷനുകളെ പരിഹസിച്ചു കൊണ്ട് , ബൗളര്‍ പന്ത് ഡെലിവര്‍ ചെയ്യുന്ന ഞൊടിയിട കൊണ്ട് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ സ്‌റാന്‍ഡ്‌സ് മാറി നേരെ വലതു കയ്യനായി ബാറ്റ് ചെയ്തു ഫീല്‍ഡിങ് ഗാപുകള്‍ കണ്ടെത്തുന്ന ഏതു ബൗളറും പതറി പോകുന്ന അവസ്ഥ … !

എന്നാല്‍ ‘ നിന്നെ വിറ്റ ക്യാഷ് എന്റ കയ്യിലുണ്ട് ‘ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ആ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ റിവേഴ്സ് സ്റ്റാന്‍ഡ് എടുത്തു പന്തിനെ മിഡ്വിക്കറ്റിനു മുകളിലൂടെ കളിക്കും എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട് ബൗളര്‍ അയാള്‍ക്കെതിരെ ലെഗ്സ്റ്റമ്പില്‍ വൈഡ് ആയി പിച്ച് ചെയ്യുന്ന പന്താണ് എറിയുന്നത് … ! അയാളുടെ കണക്കുകൂട്ടലുകളെയാകെ തെറ്റിച്ചു കളഞ്ഞൊരു പന്ത് ! ബൗളര്‍ ഭുവിയായിരുന്നു ….

പക്ഷെ ആ പന്തിനെ അര്‍ദ്ധനിമിഷം കൊണ്ട് ബാറ്റ് ഒന്ന് ചരിച്ചു വെച്ച് തേര്‍ഡ് മാനിലേക്കു തിരിച്ചു വിട്ടു സ്‌കോര്‍ കാര്‍ഡില്‍ നാല് റണ്‍സ് ആ ബാറ്റ്‌സ്മാന്‍ കൂട്ടിച്ചേര്‍ക്കുകയാണ് ….. !
ക്രീസില്‍ ബാറ്റിംഗ് എന്‍ഡില്‍ വാര്‍ണറും .. ! ഒരു ബോളിനും കുറഞ്ഞത് മൂന്നു ഷോട്ടുകള്‍ കളിയ്ക്കാത്തക്ക പ്രതിഭയുള്ള ബാറ്റസ്മാന്‍.. ഡേവിഡ് വാര്‍ണര്‍!

പ്രിയ ഭുവി …. വാര്‍ണര്‍, നിങ്ങള്‍ ഇങ്ങനെ കൊണ്ടും കൊടുത്തും ഈ മനോഹര ഗെയിം കളിച്ചു കൊണ്ടേയിരിക്കുക … ഞങ്ങള്‍ക്കിതു കണ്ടു മതിയാകുന്നില്ല..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍