ചെണ്ടാക്കിയവരുടെ നെഞ്ചത്ത് ഒരു ശിങ്കാരിമേളം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഓസീസ് താരം പാറ്റ് കമ്മിൻസ്. തുടർച്ചയായി 140 കിമി മുകളിൽ കൃത്യതയോടെ ഒരേ ലൈനിൽ പന്തെറിയാൻ കഴിവുള്ള താരം ടെസ്റ്റിൽ ഏതൊരു ബാറ്റ്സ്മാന്റെയും പേടി സ്വപ്‌നമാണ്. ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമനായ കമ്മിൻസിനെ വേറിട്ടുനിർത്തുന്നത് അപാരമായ സ്ഥിരതയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവർ എറിയാനെത്തിയ കമ്മിൻസിന്റെ ഓവറിൽ മുംബൈ നേടിയത് – 23 റൺസ്. അയാളുടെ മുഖം നിരാശയിലാഴ്ന്നു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ക്ക് നേരിട്ട അപമാനം അയാൾ വളരെ വേഗം കഴുകി കളയാൻ തീരുമാനിച്ചു. തന്നെ തല്ലിയ ബാറ്റ് തന്നെ പ്രതികാരത്തിനായി അയാൾ തിരഞ്ഞെടുത്തു. നേരിട്ട എല്ലാ ബൗളറുമാരെയും അടിച്ചുപറത്തിയ താരം പ്രീമിയർ ലീഗിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് നേട്ടത്തിലെത്തി. ഒരു നിമിഷം എങ്കിലും തന്നെ ചെണ്ട എന്നുവിളിച്ചവരോട് ” ഞാൻ ചെണ്ടയാണെങ്കിൽ ഇന്ന് നിന്റെയൊക്കെ നെഞ്ചത്ത് ശിങ്കാരി മേളം നടത്തിയത് കണ്ടോടാ ” എന്ന് ചോദിച്ച് നെഞ്ചും വിരിച്ച് ക്രീസിൽ നിന്ന് ആഘോഷങ്ങളിലേക്ക് നടന്നകന്നു ” .

കമ്മിൻസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ മുംബൈ ഉയർത്തിയ 162 റൺസ് എന്ന വിജയലക്ഷ്യം നാലോവറുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. ഡാനിയേൽ സാംസ് എറിഞ്ഞ 16-ാ൦ ഓവറിൽ നിന്നും 35 റൺസാണ് കമ്മിൻസ് അടിച്ചെടുത്തത്. ഒരു നോബോൾ അടക്കം നാല് സിക്‌സും രണ്ട് ഫോറുകളുമാണ് ഈ ഓവറിൽ പിറന്നത്. നേരത്തെ ബൗളിങ്ങിൽ നാലോവറിൽ 49 റൺസ് വഴങ്ങിയ കമ്മിൻസ് പക്ഷെ ബാറ്റിങ്ങിൽ തീയാവുകയായിരുന്നു. കേവലം 15 പന്തുകളിൽ 56 റൺസാണ് ഓസീസ് താരം അടിച്ചെടുത്തത്.

ഇതാദ്യമായിട്ടല്ല കമ്മിൻസ് തന്റെ സ്ഥിരം ആയുധം ഉപേക്ഷിച്ച് ബാറ്റ് പടവാളാക്കി താരം നിറഞ്ഞാടുന്നത്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സുമായി നടന്ന മത്സരത്തിലും ആ നിറഞ്ഞാട്ടം നാം കണ്ടതാണ്. അന്ന് വിജയം ഉറപ്പിച്ച ചെന്നൈ താരങ്ങൾക്ക് കമ്മിൻസ് നല്കിയ അറ്റാക്ക് അത്രയും മനോഹരമായിരുന്നു. സാം കറനും ശാർദുൽ താക്കൂറും ഒരിക്കലും മറക്കാത്ത ഒരു രാവ് നൽകിയത് അയാളുടെ ബാറ്റായിരുന്നു. ഒടുവിൽ അവസാന ഓവറിൽ 20 റൺസ് എന്ന അതികഠിനമായ ലക്ഷ്യം വരെ അയാൾ ടീമിനെ എത്തിച്ചു. ഒടുവിൽ വീണു പോയെങ്കിലും ആ സ്റ്റേഡിയം മുഴുവൻ അയാൾക്കായി കൈയ്യടിച്ചു. കഥാനായകൻ സിനിമയിലെ ” രാമനാഥന് ഇതും വശമുണ്ടോ? എന്ന ചോദ്യത്തിന് യുദ്ധം ചെയ്യാൻ വരുന്ന യോദ്ധാവിന് ലക്ഷ്യമാണ് പ്രധാനം എന്ന മട്ടിൽ അയാൾ നടന്നകന്നു.