ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിദയനീയ പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് ഇന്നും തോൽവി. ആവേശകരമായ മത്സരത്തിൽ ചെന്നൈയെ 2 റൺസിന് തോൽപ്പിച്ചാണ് ബാംഗ്ലൂർ ജയം പ്ലേ ഓഫ് ഉറപ്പിച്ചത്. 94 റൺ നേടിയ ആയുഷ് മാത്രേ ചെന്നൈയുടെ ടോപ് സ്‌കോറർ ആയി.
പ്ലേ ഓഫ് എത്താതെ പുറത്തായ ആദ്യ ടീമായ ചെന്നൈ ഇന്നും മാനം രക്ഷിക്കാനുള്ള പോരിനാണ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് ആകെ സന്തോഷിക്കാൻ അവസരം കൂട്ടിയത് 5 – 6 ഓവറുകൾ മാത്രമാണ്. ബാക്കി കണ്ടത് ചെന്നൈ ബോളർമാരെ ബോളിങ് മെഷീൻ പോലെ നേരിടുന്ന ആർസിബി ബാറ്റ്സ്മാന്മാരെയാണ്. തുടക്കത്തിൽ മിന്നി, ഇടക്ക് മങ്ങി, അവസാനം ആളിക്കത്തിയ ബാംഗ്ലൂർ ആദ്യ ഇന്നിങ്സിൽ ചെന്നൈക്ക് എതിരെ അടിച്ചുകൂട്ടിയത് 213 – 5 റൺസ്.
33 പന്തിൽ 62 റൺ നേടിയ കോഹ്‌ലി ടോപ് സ്‌കോറർ ആയപ്പോൾ സഹ ഓപ്പണർ ജേക്കബ് ബെതേലും മോശമാക്കിയില്ല. ആദ്യ വിക്കറ്റിൽ 97 റൺ കൂട്ടിച്ചേർത്ത ശേഷമാണ് 55 റൺ എടുത്ത ജേക്കബിനെ മടക്കി പാതിരാണ ചെന്നൈക്ക് ആശ്വാസം നൽകിയത്. താരം പുറത്തായിട്ടും അടിച്ചുകളിച്ച കോഹ്‌ലിയും മടങ്ങിയതോടെ ടീമിന്റെ സ്കോറിന് വേഗം കുറഞ്ഞു. പടിക്കൽ 17 , രജത് 11 , ജിതേഷ് ശർമ്മ 7 എന്നിവരുടെ വിക്കറ്റ് നഷ്ടമായി. അതോടെ ആർസിബി 200 ൽ താഴെയുള്ള സ്‌കോറിൽ ഒതുങ്ങുമോ എന്ന് തോന്നിച്ചു.
എന്നാൽ വെസ്റ്റ് ഇൻഡീസിൽ നിന്നുള വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേർഡ് തന്റെ വിശ്വരൂപം പുറത്തെടുത്ത് താണ്ഡവമാടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പവർ പ്ലേയിൽ നല്ല അടികിട്ടിയ ഖലീൽ അഹമ്മദ് ആയിരുന്നു കളിയുടെ 19 ആം ഓവർ എറിയാൻ എത്തിയത്. ഖലീലിന്റെ മൂന്നാം ഓവറിൽ 33 റൺസാണ് റൊമാരിയോ അടിച്ചത്. അങ്ങനെ തന്റെ മൂന്ന് ഓവറിൽ 65 റൺസാണ് താരം തന്റെ സ്പെല്ലിൽ വഴങ്ങിയത്. എന്തായാലും ആ ഓവറിൽ 33 റൺ എടുത്ത റൊമാരിയോ അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തി 14 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ താരമായി.
ചെന്നൈയെ സംബന്ധിച്ച് കൂറ്റൻ സ്കോറിന് മുന്നിൽ സാധാരണ പോലെ പകച്ചുവീഴും എന്ന കാഴ്‌ചയാണ് പ്രതീക്ഷിച്ചത് എങ്കിൽ സംഭവിച്ചത് മറിച്ചാണ്. ആദ്യം മുതൽ ആക്രമിച്ചുകളിച്ച ആയുഷ് മാത്രേ ആർസിബിൾ ബോളർമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു. സീസണിലെ ആർസിബിയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ ഭുവിക്ക് എത്തിയ 26 റൺസാണ് പയ്യൻ അടിച്ചുകൂട്ടിയത്. ഇതിനിടയിൽ സഹഓപ്പണർ ഷെയ്ഖ് റഷീദ് 14 ഉം കഴിഞ്ഞ മത്സരത്തിൽ ഹീറോ സാം കരണും 5 മടങ്ങി ശേഷം ക്രീസിൽ എത്തിയ സീനിയർ താരം ജഡേജക്ക് ഒപ്പം ഈ സീസൺ ലീഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നിൽ ആയുഷ് ഭാഗമായി. പതിവിൽ നിന്ന് വ്യത്യസ്തമായി ജഡേജയും ഇന്ന് ആക്രമിച്ച് കളിച്ചതോടെ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായി.
ആയുഷ് സെഞ്ച്വറി അടിക്കുമെന്ന് തോന്നിച്ച സമയത്ത് 94 റൺ എടുത്ത താരത്തെയും തൊട്ടടുത്ത പന്തിൽ റൺ ഒന്നും എടുക്കാതെ ബ്രെവിസിനെയും മടക്കി ആർസിബിയെ എങ്കിടി മത്സരത്തിൽ തിരികെ എത്തിച്ചു. ഇതിൽ ബ്രെവിസിന്റെ വിക്കറ്റ് വലിയ വിവാദങ്ങൾക്ക് വഴിവെക്കും എന്ന് ഉറപ്പാണ്. എന്തായാലും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ ജയം സ്വന്തമാക്കാം എന്ന ചെന്നൈ സ്വപ്നത്തെ കാറ്റിൽപറത്തി മികച്ച രീതിയിൽ അവസാന ഓവറുകൾ എറിഞ്ഞ് സുയാഷ് ശർമ്മയും യാഷ് ദയാലും ഭുവിയും ചേർന്ന് ആർസിബി ജയം ഉറപ്പായി. ധോണി 12 റൺ എടുത്ത് പുറത്തായപ്പോൾ ജഡേജ 75 റൺ എടുത്തും ദുബൈ 8 റൺ എടുത്തും പുറത്താകാതെ നിന്നു.