ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിദയനീയ പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് ഇന്നലത്തെ മത്സരത്തിലും തോൽവിയായിരുന്നു ഫലം. ആവേശകരമായ മത്സരത്തിൽ ചെന്നൈയെ 2 റൺസിന് തോൽപ്പിച്ചാണ് ബാംഗ്ലൂർ ജയം പ്ലേ ഓഫ് ഉറപ്പിച്ചത്. 94 റൺ നേടിയ ആയുഷ് മഹാത്രെ ചെന്നൈയുടെ ടോപ് സ്‌കോറർ ആയി. ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈ കളിയിൽ മുന്നിൽ ആയിരുന്നെങ്കിലും അവസാന നിമിഷത്തിലെ വമ്പൻ ട്വിസ്റ്റിന് ഒടുവിൽ ആർസിബി ജയിച്ചുകയറുക ആയിരുന്നു.
ഇതിൽ ചെന്നൈ തോറ്റെങ്കിലും ആർസിബി അവസാനം മികവ് കാണിച്ചെങ്കിലും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് ചെന്നൈയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ് പുറത്തായ രീതിയാണ്. ഇത് പുത്തൻ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ചെന്നൈ ബാറ്റിംഗിൽ ആയുഷ് മഹാത്രെ എന്ന 17 വയസുകാരൻ നടത്തിയ താണ്ഡവും തന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച ജഡേജയും ചേർന്ന് ചെന്നൈ ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 94 റൺ എടുത്ത ആയുഷ് മഹാത്രെ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. അപ്പോഴും ചെന്നൈ തന്നെ ആയിരുന്നു മത്സരത്തിൽ മുമ്പിൽ. ലുങ്കി എൻഗിഡി എറിഞ്ഞ 17-ാം ഓവറിലെ രണ്ടാം പന്തിൽ ആണ് താരം മടങ്ങിയത്. തൊട്ടുപിന്നാലെയാണ് ബ്രെവിസ് ക്രീസിൽ എത്തിയത്.
ദക്ഷിണാഫ്രിക്കൻ താരം എറിഞ്ഞ ഫുൾടോസ് ബ്രെവിസിൻറെ ബാറ്റിൽ തട്ടാതെ പാഡിൽ പതിച്ചു. അമ്പയർ ആകട്ടെ ബാംഗ്ലൂർ താരങ്ങളുടെ അപ്പീലിന് പിന്നാലെ അത് ഔട്ട് വിധിച്ചു. ബ്രെവിസും ജഡേജയും ആ സമയം കൊണ്ട് രണ്ട് റൺ പൂർത്തിയാക്കിയിരുന്നു. ഇരുവരും ആലോചിച്ച് റിവ്യൂ എടുക്കുന്ന തീരുമാനിച്ചപ്പോൾ ഡിആർഎസ് എടുക്കാനുള്ള സമയമായ 15 സെക്കന്റ് കഴിഞ്ഞെന്ന് അമ്പയർ പറഞ്ഞു. ചെന്നൈ താരങ്ങൾ പറഞ്ഞ് നോക്കിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. സാധാരണ കാണിക്കാറുള്ള ടൈമർ ബിഗ് സ്ക്രീനിൽ കാണിച്ചതും ഇല്ല. എന്തായാലും ബ്രെവിസ് പുറത്തായി. ശേഷം ക്രീസിൽ എത്തിയ ധോണിക്കും കാര്യമായ ഒന്നും ചെയ്യാനായില്ല. ധോണി , 8 പന്തിൽ 12 റൺസുമായി മടങ്ങി. അവസാന മൂന്ന് പന്തിൽ സിഎസ്‌കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. അവിടെ ക്രീസിൽ എത്തിയ ശിവം ദുബൈ ആദ്യ പന്തിൽ സിക്സ് ഒകെ അടിച്ചു തുടങ്ങിയെങ്കിലും അദ്ദേഹത്തിന് ജയിപ്പിക്കാൻ ആയില്ല.
എന്തായാലും ബ്രെവിസും ജഡേജയും രണ്ട് റൺ ഓടിയതിനെ പലരും കുറ്റം പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ടൈമർ കാണിച്ചില്ല എന്ന ചോദ്യം നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയുടെ മത്സരത്തിൽ ടൈമർ പൂജ്യത്തിൽ ആയിട്ടും റിവ്യൂ എടുക്കാൻ അനുവദിച്ചതിനെ പലരും ഈ വിഷയവുമായി ബന്ധപ്പെടുത്തി പറയുന്നു. ഈ 2 ടീമുകൾക്കും എന്തുകൊണ്ട് 2 നീതി എന്നാണ് ആരാധകർ ചോദിക്കുന്നത്.