വൈഡ് അനുവദിച്ചില്ല, അമ്പയറോട് പിണങ്ങി 'ദൂരെ മാറിനിന്ന്' പൊള്ളാര്‍ഡ് - വീഡിയോ

കരീബിയന്‍ പ്രിമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയറിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം കീറോണ്‍ പൊള്ളാര്‍ഡിന്റെ വ്യത്യസ്ത പ്രതിഷേധം. സെന്റ് കിറ്റ്‌സില്‍ നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും സെന്റ് ലൂസിയ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അമ്പയര്‍ വൈഡ് അനുവദിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്.

മത്സരത്തിന്റെ 19ാം ഓവറില്‍ സെന്റ് ലൂസിയ കിംഗ്‌സിന്റെ പാകിസ്ഥാന്‍ താരം വഹാബ് റിയാസ് എറിഞ്ഞ പന്താണ് അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത്. ഇതോടെ ക്രീസിലുണ്ടായിരുന്ന ന്യൂസീലന്‍ഡ് താരം ടിം സീഫര്‍ട്ട് വൈഡ് വിളിക്കാത്തതെന്തെന്ന് അമ്പയറിനോട് തിരക്കി. എന്നിട്ടും അമ്പയര്‍ കുലുങ്ങിയില്ല. ഇതോടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന നൈറ്റ് റൈഡേഴ്‌സ് നായകന്‍ കൂടിയായ പൊള്ളാര്‍ഡ് ഒരക്ഷരം പോലും ഉരിയാടാതെ 30 യാര്‍ഡ് മാര്‍ക്കില്‍ ചെന്ന് നിന്നാണ് പ്രതിഷേധം അറിയിച്ചത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 29 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പൊള്ളാര്‍ഡ് 41 റണ്‍സെടുത്തു. മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് 27 റണ്‍സിന് വിജയിച്ചു. പൊള്ളാര്‍ഡാണ് കളിയിലെ കേമന്‍.