സഞ്ജുവിനെ വേണം, അവനെ ലഭിക്കാൻ ഏതറ്റം വരെയും പോവും, നിർണായക സൂചന നൽ‌കി സിഎസ്കെ പ്രതിനിധി

രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറാൻ ഒരുങ്ങുകയാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോർട്ടുകൾ വന്നിരുന്നു. 2025 ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെയാണ് സഞ്ജു രാജസ്ഥാൻ വിടാൻ ഒരുങ്ങുകയാണെന്ന് അഭ്യൂഹ​ങ്ങൾ വന്നത്. പകരം രവിചന്ദ്രൻ അശ്വിനെയും ശിവം ദുബെയേയും നൽകി ട്രേഡിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

കൂടാതെ സഞ്ജുവിന്റെ ഭാ​ഗത്തുനിന്നോ ചെന്നൈയുടെ ഭാ​ഗത്തുനിന്നോ പ്രതികരണവും വന്നിരുന്നില്ല. എന്നാലിപ്പോൾ ക്രിക് ബസിന്റെ റിപ്പോർട്ട് പ്രകാരം ചെന്നൈ ഫ്രാഞ്ചൈസി സഞ്ജുവിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്നാണ് സോഷ്യൽ‌ മീഡിയയിൽ നിറയുന്നത്. സൂപ്പർ താരത്തെ സ്വന്തമാക്കാൻ ചെന്നൈ നീക്കം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ ടീം വൃത്തങ്ങൾ അനുകൂലമായി പ്രതികരിച്ചുവെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്.

Read more

“നിലവിൽ കിട്ടാവുന്നതിൽ മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജു. താരത്തിൽ ടീമിന് താത്പര്യമുണ്ട്, സാഹചര്യങ്ങൾ ഒത്തുവന്നാൽ ടീമിലുണ്ടാകും”, ഒരു മുതിർന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ക്രിക് ബസ് റിപ്പോർട്ട് ചെയ്തു. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റും സഞ്ജു സാംസണിൽതാത്പര്യം പ്രകടിപ്പിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ.