ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യന്‍ മുന്‍ താരം എസ് ബദരീനാഥ്. സമീപകാലത്ത് മോശം ഫോമിലായിട്ടും ഇംഗ്ലണ്ട് പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിലേക്ക് ജഡേജ എത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു.
ഇന്ത്യന്‍ ടീമിലെ ചില സ്ഥാനങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ രവീന്ദ്ര ജഡേജ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. കാരണം, പ്ലേയിംഗ് ഇലവനില്‍ ജഡേജക്ക് സ്ഥാനമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലാത്തൊരാളെ എന്തിനാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത് എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്- ബദരീനാഥ് പറഞ്ഞു.
അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമാണ് ജഡേജയ്ക്ക് പുറമേ സ്‌ക്വാഡില്‍ ഇടംനേടിയ മറ്റ് സ്പിന്നര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ താരത്തെയും ടൂര്‍ണമെന്റിലേക്ക് എത്തിച്ചേക്കും. അങ്ങനെ എങ്കില്‍ ആര് പുറത്താകും എന്നതാകും അടുത്ത ചോദ്യം.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തിരുന്നില്ല. അക്‌സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയുമാണ് അന്ന് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.