ജസ്പ്രീത് ബുംറയുടെ ചാമ്പ്യന്‍സ് ട്രോഫി പങ്കാളിത്തത്തെ കുറിച്ചുള്ള അപ്ഡേറ്റിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. പരിക്കിന്റെ പിടിയിലുള്ള ബുംറയുടെ സ്‌കാനുകളും വിലയിരുത്തലും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പൂര്‍ത്തിയായി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ ബുംറയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും. അതിനുശേഷം, വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ബിസിസിഐ തീരുമാനം കൈക്കൊള്ളും.
ബുറയ്ക്ക പകരം ആര് എന്നതാണ് നിലവില്‍ ഉയരുന്ന ചര്‍ച്ച. മുഹമ്മദ് സിറാജിന്‍റെ പേരാണ് എല്ലായിടത്തും ഉയര്‍ന്നു കേള്‍ക്കുന്നത്. താര്രതെ നേരത്തെ ടൂര്‍ണമെന്‍റിനുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബുംറ പുറത്തായാല്‍ സിറാജിനെ ടീമിലേക്ക് വിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുണ്‍ ചക്രവര്‍ത്തിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും പേസര്‍ക്ക് പകരം ഒരു സ്പിന്നറെ പകരക്കാരനാക്കുമോ എന്നത് കൌതുകകരമായ കാര്യമായിരിക്കും.
ബുംറയുടെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് തനിക്ക് പോലും ഉറപ്പില്ലെന്നാണ് നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിസിഐ മെഡിക്കല്‍ ടീം സ്റ്റാഫിനൊപ്പം ന്യൂസിലന്‍ഡില്‍ നിന്നുള്ള ഡോ റോവന്‍ ഷൗട്ടന്‍ ബുംറയുടെ സ്‌കാനുകള്‍ വിലയിരുത്തും.
ജസ്പ്രീത് ബുംറയുടെ പരിക്ക് സംബന്ധിച്ച ദുരൂഹതകള്‍ കൂടുതല്‍ ശക്തമാവുകയാണ്. തുടക്കത്തില്‍, അദ്ദേഹത്തിന്റെ അവസ്ഥയുടെ തീവ്രതയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ബെഡ് റെസ്റ്റ് ഉപദേശിച്ചതായി അവകാശപ്പെട്ടു, മറ്റുള്ളവര്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിലേക്ക് ബുംറയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി എന്ന ഒരൊറ്റ അപ്ഡേറ്റ് മാത്രമേ ബിസിസിഐ നല്‍കുന്നുള്ളൂ എന്നതിനാല്‍ സത്യം അവ്യക്തമാണ്. ആദ്യ ഏകദിനത്തില്‍, പരമ്പരയില്‍ ബുമ്രയുടെ കവറായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷിത് റാണ, മൂന്ന് വിക്കറ്റ് വീഴ്ത്തി ഒരു സ്വപ്ന അരങ്ങേറ്റം നടത്തിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യ സുഖകരമായി വിജയിച്ചു കയറി.