അട്ടിമറി എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിച്ചാൽ ബോംബുകളെയും മിസൈലുകളേയും അതിജീവിച്ചു ക്രിക്കറ്റ് എന്ന ഗെയിമിൽ സന്തോഷം കണ്ടെത്തുന്ന ഒരു രാജ്യത്തോട് ചെയ്യുന്ന നീതികേടാവും, ടോസ് സമയത്ത് അഫ്ഗാൻ നായകൻ പറഞ്ഞ വാക്ക് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന്റെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബോൾ ചെയ്യേണ്ടി വരുന്ന അഫ്ഗാൻ നായകൻ ഹസ്ഹ്മതുല്ല ഷാഹിദി കമന്റേറ്ററുടെ ഈ മത്സരത്തിൽ നിങ്ങൾക്ക് എത്ര റൺസ് വരെ ചേസ് ചെയ്യാനാകും എന്നൊരു ചോദ്യത്തിന് ആദ്യം ബാറ്റ് ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിച്ചത് എങ്കിലും 250 റൺസിന് അടുത്തുള്ള ഏത് ലക്ഷ്യവും ഞങ്ങൾ മറികടക്കും എന്നാണ് മറുപടി പറയുന്നത്.

ക്യാപ്റ്റന്റെ ആത്മവിശ്വാസത്തെ ചെപ്പോക്കിൽ കൃത്യമായി എക്‌സിക്യൂട്ട് ചെയ്യുന്ന അഫ്‌ഘാനെയാണ് മത്സരത്തിലുടനീളം കാണാൻ കഴിയുന്നത്. വീണ്ടും തങ്ങളുടെ സ്ട്രോങ്ങ്‌ സോൺ സ്പിൻ ഡിപ്പാർട്മെന്റ് എറിഞ്ഞു തീർക്കുന്ന 38 ഓവറുകളിൽ കളി തങ്ങളുടെ വരുതിയിലാക്കുകയാണ് അഫ്ഗാൻ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ വലിയ ടാർഗറ്റ് സെറ്റ് ചെയ്യാൻ വിടാതെ പ്രതിരോധത്തിലാക്കി 283 എന്ന ഓവറിൽ 6ന് താഴെ മാത്രം റൺസ് വേണ്ട സ്കോറിൽ ഒതുക്കി തങ്ങളുടെ പ്ലാനിലേക്ക് കൊണ്ട് വന്ന് ആദ്യ പകുതി ഭംഗിയായി അവസാനിപ്പിക്കുന്നു.

ബാറ്റിംഗിലേക്ക് വരുമ്പോൾ റിസ്കിയായ ഒരു ഷോട്ട് പോലും കളിക്കാതെ അറ്റാക്ക് ചെയ്യേണ്ട ബോളുകളെ തിരഞ്ഞു പിടിച്ചു അറ്റാക്ക് ചെയ്തും ബഹുമാനിക്കേണ്ടവയെ ബഹുമാനിച്ചും ഓടി എടുക്കാവുന്ന റണ്ണുകൾ ഓടിയെടുത്തും അത്രയൊന്നും ചെറുതല്ലാത്ത ലക്ഷ്യത്തിലേക്ക് സമ്മർദ്ദം തെല്ലുമില്ലാതെ ക്ലിനിക്കലായി എങ്ങനെ ഒരു മത്സരം ഫിനിഷ് ചെയ്യാം എന്നതിന്റെ ക്ലാസ്സിക്‌ എക്സിബിഷൻ.. പാകിസ്ഥാൻ തങ്ങളുടെ സ്വതസിദ്ധമായ ഫീൽഡിങ് ആവർത്തിക്കുക കൂടി ചെയ്തതോടെ അനിവാര്യമായ തോൽവി അവരെ തേടിയെത്തി.

അട്ടിമറി എന്നൊക്കെ ഈ മത്സരത്തെ വിശേഷിപ്പിച്ചാൽ ബോംബുകളെയും മിസൈലുകളേയും അതിജീവിച്ചു ക്രിക്കറ്റ് എന്ന ഗെയിമിൽ സന്തോഷം കണ്ടെത്തുന്ന ഒരു രാജ്യത്തോട് ചെയ്യുന്ന നീതികേടാവും അത്.. ജീവിതത്തിലും കളിക്കളത്തിലും മനക്കരുത്ത് കൊണ്ട് പോരാടുന്ന ഒരു കൂട്ടത്തിന്റെ സമ്പൂർണ ആധിപത്യമാണ് ഇന്ന് ചെപ്പോക്കിൽ നാം കണ്ടത്.. അവർ ഇനിയും മനോഹരമായ കളി കൊണ്ട് ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിക്കും ഒരുപാട് മുന്നോട്ട് പോകും തീർച്ച.

എഴുത്ത് : അമൽ ഓച്ചിറ

Read more

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ