ഒരു ഓള്‍റൗണ്ടര്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണം എന്നതിനെ പ്രതിനിധാനം ചെയ്ത കളിക്കാരന്‍

ഷമീൽ സലാഹ്

സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാര്‍ വെള്ളത്തിലെ മത്സ്യം പോലെയാണ് എന്നാണ് പറയപ്പെടുന്നത്. മത്സ്യത്തെ പോലെ എപ്പോഴും ഒരു കൂട്ടവും, വേര്‍തിരിക്കാനാവാത്തതുമായ ഓള്‍റൗണ്ടമാര്‍..

ജാക്വസ് കാലിസ്, ലാന്‍സ് ക്ലൂസ്‌നര്‍, ഷോണ്‍ പൊള്ളോക്ക്, ആല്‍ബി മോര്‍ക്കല്‍,, ഇങ്ങ് ആധുനിക ക്രിക്കറ്റില്‍ ക്രിസ്‌മോറിസ് തുടങ്ങിയ പേരുകള്‍ക്കിടയില്‍ വെച്ച് ലോക ക്രിക്കറ്റ് സര്‍ക്കിളുകളില്‍ വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പേര് ഉണ്ടെങ്കില്‍., അന്താരാഷ്ട്ര മത്സര വിലക്ക് അവസാനിച്ച ശേഷം തൊണ്ണൂറുകളില്‍ മടങ്ങിയെത്തിയ സൗത്താഫ്രിക്കന്‍ സംഘത്തിലെ യഥാര്‍ത്ഥ വാഴ്ത്തിപാടാത്ത ഹീറോ..

അത്, ‘ബിഗ് മാക്’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബ്രയാന്‍ മെര്‍വിന്‍ മക്മില്ലന്‍ ആണ്. ഒരു ക്രിക്കറ്ററുടെ കരിയറിന്റെ സായന്തനത്തിലേക്കടുക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ മാത്രം യോഗമുണ്ടാവുകയും, അത് വഴി കുറച്ച് വര്‍ഷങ്ങള്‍ ലോക ക്രിക്കറ്റില്‍ തന്റെ സ്വാധീനം ചൊലുത്തുകയും ചെയ്ത ബ്രയാന്‍ മക്മില്ലന്‍..

പൊള്ളോക്കും, ക്ലൂസ്‌നറും, കാലിസുമൊക്കെ കരിയര്‍ തുടങ്ങുമ്പോള്‍ ഇവരുടെയെല്ലാം സമകാലികനായിരുന്ന ബ്രയാന്‍ മക്മില്ലന്‍. ടീമിന് ആവശ്യമായ കുറച്ച് റണ്‍സുകള്‍ക്ക് വേണ്ടി ഒരു സ്‌റ്റൈലന്‍ ബാറ്റിങ്ങിലൂടെയുള്ള ടീമിലെ ഒരു ഭീമന്‍ ബാറ്റ്‌സ്മാന്‍. ടീമിന് മിനിമം ഒരു വിക്കറ്റെങ്കിലും വേണം എന്ന നിലയില്‍ കൃത്യതയോടെയുള്ള ഒരു ബൗളിംഗ് മെഷീന്‍..

ഒരിക്കലും ചോരാത്ത ബക്കറ്റ് പോലെ എന്ന് വിശേഷിപ്പിച്ച ആ കൈകള്‍ ഉപയോഗിച്ചുള്ള ഒരു സ്ലിപ്പ് ക്യാച്ചിംഗ് റിസര്‍വോയര്‍. അല്ലെങ്കില്‍ എതിരാളികള്‍ക്ക് നേരെ സ്ലഡ്ജ് ചെയ്തുള്ള വാക്കാലുള്ള മിസൈല്‍.. അതുമല്ലെങ്കില്‍ സ്വന്തം ടീമംഗങ്ങള്‍ക്ക് ചില തന്ത്രങ്ങള്‍, ഉപദേശങ്ങള്‍ അങ്ങനെയെല്ലാം ആവശ്യമായി വന്നപ്പോള്‍ ആ നിലയിലും കളിക്കളത്തിലെ എല്ലാ തരം വെല്ലുവിളികളെയും സ്വാഗതം ചെയ്ത ഒരു സ്‌പെഷന്‍ ക്രിക്കറ്റ് കളിക്കാരന്‍.. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ടോപ്പ് ഓര്‍ഡറില്‍ പോലും കളിക്കാന്‍ നിര്‍ബന്ധിതനായിരുന്ന ബ്രയാന്‍ ഒരു മികച്ച പ്രതിരോധ സാങ്കേതികതക്കൊപ്പം, ആക്രമണവും ഇടകലര്‍ന്ന തരത്തിലുള്ളതായിരുന്നു ബാറ്റിങ്ങ്.

അദ്ദേഹത്തിന്റെ ബൗളിംഗും നിസ്സാരമായി കാണേണ്ട ഒന്നല്ല!. ഒരു മീഡിയം പേസര്‍ മാത്രമാണെങ്കിലും, സൗത്താഫ്രിക്കയുടെ അന്നത്തെ ലോകോത്തര ബൗളിങ്ങ് യൂണിറ്റില്‍ ഓപ്പണിങ്ങ് ബൗളിങ്ങില്‍ വരെ പലപ്പോഴും സ്ഥിര സാനിധ്യമായി ബാറ്റര്‍മാരെ എപ്പോഴും തന്റെ ചൂണ്ട് വിരലില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്ന,, അല്ലെങ്കില്‍ ഇടയ്ക്കിടെ സ്പ്രിംഗ് ബൗണ്‍സര്‍ എറിഞ്ഞ് വിറപ്പിക്കാനും കഴിഞ്ഞിരുന്ന അപകടകാരിയായ ഒരു ബൗളര്‍ ആയിരുന്നു ബ്രയാന്‍..

അത് പോലെ സാധാരണയായി സ്ലിപ്പുകളില്‍ നില്‍ക്കുകയും തന്റെ ബിഗ് ഫ്രെയിമിന് പ്രതികൂലമായി തന്നെ നീണ്ട ഡൈവുകള്‍ ഉണ്ടാക്കുന്നതിന് ബ്രയാനെ ഒരിക്കലും പിന്തിരിപ്പിക്കാത്ത രീതിയില്‍ ഒരു സെണ്‍സേഷണല്‍ സ്ലിപ് ക്യാച്ചറുമായിരുന്നു ബ്രയാന്‍..
ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച സ്ലിപ്പ് ക്യാച്ചര്‍മാരില്‍ ഒരാളുമായ ബ്രയാന്‍ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനുമാണ്..

ചുരുക്കി പറയുമ്പോള്‍, ഒരു ഓള്‍റൗണ്ടര്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണം എന്നതിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് ലോക ക്രിക്കറ്റില്‍ സൗത്താഫ്രിക്കയെ പ്രതനിധീകരിച്ച കളിക്കാരനാണ് ബ്രയാന്‍. കൂടാതെ ഈ ഗെയിമിനെ മികച്ചതാക്കാനായി ഏറ്റവും മികച്ച ഒരാളായി കണക്കാക്കപ്പെടുകയും ചെയ്ത ഒരു കളിക്കാരനാണ് ബ്രയാന്‍..

അധികം ഓര്‍മ്മിക്കാത്ത ക്രിക്കറ്റ് വീരന്മാരില്‍ ഒരാളും , കളിക്കളത്തിലെ ആദരണീയനായ ഒരു ഓള്‍ റൗണ്ടറുമായിരുന്ന ബ്രയാന്‍ മക്മില്ലന്റെ 59-മത് ജന്മദിനമാണ് ഇന്ന്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍