ഇന്ത്യക്കായി കളിക്കാനല്ല യുവതാരങ്ങള്‍ ആഗ്രഹിക്കുന്നത്: വിമര്‍ശിച്ച് ഓസീസ് താരം

ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം ഐപിഎല്ലാണെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് ദേശീയ ടീമിനായി കളിക്കുന്നതിലും താല്‍പര്യം ഐപിഎല്ലില്‍ കളിക്കാനാണെന്നും അതിലൂടെയാണ് അവര്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടുക എന്നും ഹോഗ് പറഞ്ഞു.

ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. കാരണം യുവ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഐപിഎല്ലില്‍ കളിക്കാനാണ്. കാരണം അവര്‍ക്ക് കൂടുതല്‍ പ്രതിഫലം ഐപിഎല്ലിലൂടെ ലഭിക്കുന്നു.

20 ഓവര്‍ മാത്രം കളിക്കുന്നതിലൂടെ വലിയ പ്രതിഫലവും പ്രശസ്തിയും ലഭിക്കുമ്പോള്‍ താരങ്ങള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി യുവതാരങ്ങള്‍ ഐപിഎല്ലിനെ കാണുന്നു. യുവതാരങ്ങള്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതോടെ ദീര്‍ഘ സമയ ഫോര്‍മാറ്റുകളോട് താല്‍പര്യം കാട്ടാതെയാവും.

എങ്ങനെ ബാറ്റ്സ്മാന്‍മാര്‍ വലിയ ഇന്നിംഗ്സ് കളിക്കും, എങ്ങനെ കൂട്ടുകെട്ട് പൊളിക്കും തുടങ്ങി പല കാര്യങ്ങളും യുവതാരങ്ങള്‍ക്ക് മനസിലാക്കാനുമാവില്ല. ആധുനിക നിരയില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ ആരുമില്ലാതെയാവുന്നു. അരങ്ങേറ്റത്തോടെ പല യുവതാരങ്ങളുടെയും കരിയര്‍ അവസാനിക്കുന്നു- ഹോഗ് ചൂണ്ടിക്കാട്ടി.