'ബോളർമാർ വൈഭവിന്റെ ബാറ്റ് പരിശോധിച്ചിട്ട് വേണം കളിക്കാൻ ഇറങ്ങാൻ': മനോജ് തിവാരി

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ 42 റൺസിന്‌ തകർത്ത് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിച്ച് രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ വണ്ടർ കിഡ് എന്ന് വിളിപ്പേരുള്ള വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാന്‍ റോയൽസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റൺസ് നേടി. 29 പന്തില്‍ 97 റണ്‍സെടുത്ത വൈഭവനു രാജസ്ഥാന്റെ ടോപ് സ്‌കോറർ.

രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറല്‍ 21 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 29 റൺസും ക്യാപ്റ്റൻ റിയാന്‍ പരാഗ് 12 പന്തില്‍ 26 റൺസും നേടി. മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ഹൈദരാബാദിന് തുടക്കത്തിലേ പിഴച്ചു. ഓപണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ബെഞ്ചിലേക്ക് മടങ്ങി. നിതീഷ് റെഡ്ഢിക്ക് മാത്രമാണ് എസ്ആർഎച്ച് ബാറ്റിംഗ് നിരയിൽ അൽപ്പമെങ്കിലും തിളങ്ങാനായത്. 20 പന്തിൽ 38 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നായകൻ പാറ്റ് കമ്മിൻസ് രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം നേടി മടങ്ങിയതും ടീമിന് തിരിച്ചടിയായി. ഇപ്പോഴിതാ വൈഭവിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി.

‘വൈഭവ് സൂര്യവംശി നന്നായി പന്ത് സ്ട്രൈക്ക് ചെയ്യുന്നുണ്ടെന്ന് പലരും പറയുന്നുണ്ട്. എന്നാൽ ഈ പവർ വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കണം. അവന്‍റെ ബാറ്റ് സ്പീഡ് വളരെ കൂടുതലാണ്. തേർഡ്മാൻ ഭാഗത്ത് നിന്നാണ് അവന്‍റെ ബാറ്റ് സ്വിംഗ് വരുന്നത്, അതുകൊണ്ട് തന്നെ ഓൺ – സൈഡ് അവന്‍റെ ശക്തമായ മേഖലയുമാണ്’

Read more

‘അവനെ കുടുക്കാൻ ഇനി ഒരേയൊരു വഴിയേ ഉള്ളൂ, കെയ്ൽ ജാമിസൺ എറിഞ്ഞതുപോലെ ഇൻസ്വിംഗിങ് യോർക്കറുകൾ എറിയുക. ഈ ബാറ്റ് സ്പീഡ് ഉള്ളിടത്തോളം കാലം അവൻ റൺസ് അടിച്ചുകൂട്ടി കൊണ്ടേയിരിക്കും. ബൗളർമാർ എല്ലാവരും ഇനി അവന്‍റെ ബാറ്റ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പരാതി ഒപ്പിട്ട് നൽകേണ്ടി വരും’, മനോജ് തിവാരി തമാശരൂപേണ പറഞ്ഞു.