ഐ.പി.എല്‍ ഇന്ത്യക്ക് പുറത്തേക്ക്, വേദി യു.എ.ഇ അല്ല, പകരം മറ്റൊരിടം

ഇന്ത്യയിലെ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ 15ാം സീസണ്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്താന്‍ ബസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് സീസണിലും ബിസിസിഐ പ്രധാനമായും ആശ്രയിച്ചിരുന്ന വേദി യുഎഇയായിരുന്നു. എന്നാല്‍ ഇത്തവണ യുഎഇ വേദിയാവില്ലെന്നാണ് വിവരം.

15ാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അയല്‍ രാജ്യമായ ശ്രീലങ്കയും ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ പല വിദേശ താരങ്ങളും വിട്ടുനില്‍ക്കാനുള്ള സാദ്ധ്യതയുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വേദി മാറ്റത്തിന് ബിസിസിഐ തയ്യാറാക്കുന്നത്.

അതേസമയം ബംഗളൂരുവില്‍ നിശ്ചയിച്ചിരിക്കുന്ന മെഗാ താരലേലം മാറ്റമില്ലാതെ തന്നെ നടക്കുമെന്നാണ് വിവരം. പുതിയ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തിയതികളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ അഹമ്മദാബാദ്, ലഖ്നൗ എന്നീ രണ്ട് ടീമുകളെ കൂടി ഉള്‍ക്കൊള്ളിച്ച് 10 ടീമുകളുമായാണ് ബിസിസിഐ ടൂര്‍ണമെന്റ് നടത്തുന്നത്.