കോഹ്‌ലിയെ കൈയൊഴിഞ്ഞ് ബി.സി.സി.ഐ, അന്തിമ തീരുമാനം സെലക്ഷന്‍ കമ്മിറ്റിക്ക് വിട്ടു

പ്രധാന ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍. മോശം ഫോമിനാല്‍ വലയുന്ന താരത്തിന് വെസ്റ്റിന്‍ഡീസ് പര്യടനത്തിലും സിംബാബ്വെയ്ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു.

‘കോഹ്ലിയുടെ ടീം സെലക്ഷനെ സംബന്ധിച്ചുള്ള തീരുമാനം ഞങ്ങള്‍ സെലക്ടര്‍മാര്‍ക്ക് വിടുന്നു. അവര്‍ തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെ.’ എന്നാണ് അരുണ്‍ ധുമല്‍ പ്രതികരിച്ചത്.

ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലിയുടെ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍, ഇനി ഇത് ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം നായകത്വം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചു. അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു, ഞങ്ങള്‍ ആ തീരുമാനത്തെ മാനിച്ചു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയധികം സംഭാവനകള്‍ നല്‍കി. ക്രിക്കറ്റ് ബോര്‍ഡിലെ എല്ലാവരും അതിനെ ബഹുമാനിക്കുന്നു’ അരുണ്‍ ധുമല്‍ പറഞ്ഞു.

രോഹിത്ത് ശര്‍മ്മയെയും കോഹ് ലിയെയും താരതമ്യം ചെയ്തുള്ള ചര്‍ച്ചകള്‍ ഗൗനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഒരിക്കലും രോഹിത്-വിരാട് ചര്‍ച്ചകളെക്കുറിച്ചോ താരതമ്യങ്ങളെക്കുറിച്ചോ ചിന്തിക്കാറില്ല. അവരുടെ ആരാധകര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ ആധിപത്യം തെളിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതാണ്.’ അദ്ദേഹം പറഞ്ഞു.