കോഹ്ലിയ്ക്ക് കീഴടങ്ങി ഒടുവില്‍ ബിസിസിഐ

ന്യൂഡല്‍ഹി : ഇന്ത്യന്‍ താരങ്ങളുട വേതനം വര്‍ധിപ്പിക്കണമെന്ന നായകന്‍ വിരാട് കോഹ്ലിയുടേയും മുതിര്‍ന്ന താരം മഹേന്ദ്ര സിംഗ് ധോണിയുടേയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ് ആണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

ബിസിസിഐയുടെ വരുമാനത്തിന് ആനുപാതികമായി താരങ്ങളുടെ വേതനത്തില്‍ ന്യായമായ വര്‍ധന വരുത്തിയാകും ബിസിസിഐ കരാര്‍ പുതുക്കുക. അതേസമയം,വര്‍ധന എത്രയുണ്ടാവുമെന്നു റായ് വ്യക്തമാക്കിയില്ല. കോഹ്ലിയും ധോണിയും പരിശീലകന്‍ രവി ശാസ്ത്രിക്ക് ഒപ്പമാണ് ഇന്നലെ വിനോദ് റായിയെ കണ്ടത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറിലേറെ നീണ്ടു.

കൂടാതെ കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നെന്ന് ഉറപ്പാക്കിയാകും ഇനിമുതല്‍ ബിസിസിഐ മല്‍സര ഷെഡ്യൂള്‍ തയാറാക്കുക. മല്‍സരങ്ങളുടെ ആധിക്യം കളിക്കാരെ തളര്‍ത്തുന്നുവെന്ന കോഹ്ലിയുടെ പരാതിയെത്തുടര്‍ന്നാണിത്.

അടുത്തവര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ രണ്ടാഴ്ച മുന്‍പേ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. ഈ മാസം അവസാനം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടത്ര സമയമില്ലെന്നു കോഹ്ലി പരാതിപ്പെട്ടിരുന്നു.