വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ; സഞ്ജുവിന് കോളടിച്ചു, പ്രമുഖര്‍ പുറത്ത്, രാഹുലിനും ഹാര്‍ദ്ദിക്കിനും തിരിച്ചടി

2022-23ലേക്കുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ കരാറില്‍ ഉള്‍പ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ഗ്രേഡ് എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കരാറുകളാണുള്ളത്. സഞ്ജുവിനെ ഗ്രേഡ് സിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എപ്ലസ് ഗ്രേഡിലേക്ക് രവീന്ദ്ര ജഡേജ ഉയര്‍ന്നുവെന്നതാണ് എടുത്തുപറയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പമാണ് ജഡേജയും സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ ഇന്ത്യ ഭാവി നായകനെന്ന് പരിഗണിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യ എ പ്ലസ് ഗ്രേഡിലേക്ക് എത്തിയില്ല.

ഗ്രേഡ് എയിലാണ് ഹര്‍ദിക് പാണ്ഡ്യ ഉള്ളത്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഗ്രേഡ് എയിലുള്ള മറ്റുതാരങ്ങള്‍. ഗ്രേഡ് ബിയിലേക്ക് വരുമ്പോള്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍ എന്നിവരാണുള്ളത്. ഇതില്‍ രാഹുല്‍ എ ഗ്രേഡില്‍നിന്ന് ബി ഗ്രേഡിലേക്ക് താഴ്ത്തപ്പെട്ടുകയാണ് ഉണ്ടായത്.

സി ഗ്രേഡിലേക്ക് വരുമ്പോള്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണുള്ളത്.

ചില പ്രമുഖ താരങ്ങള്‍ക്ക് കരാര്‍ നഷ്ടമായിട്ടുണ്ട്. അജിങ്ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, ഹനുമ വിഹാരി, ഇഷാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹാര്‍ എന്നിവരാണ് കരാറില്‍ നിന്ന് പുറത്തായത്. എപ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 7 കോടിയും എ ഗ്രേഡിന് 5 കോടിയും ബി ഗ്രേഡിന് 3 കോടിയും സി ഗ്രേഡിന് 1 കോടിയുമാണ് പ്രതിഫലം.