ലങ്കയ്ക്കു പിന്നാലെ ബംഗ്ലാദേശും; സൂപ്പര്‍ 12ലെ രണ്ട് ടീമുകള്‍ നിശ്ചയിക്കപ്പെട്ടു

ശ്രീലങ്കയ്ക്കു പിന്നാലെ ബംഗ്ലാദേശും ട്വന്റി20 ലോക കപ്പിന്റെ സൂപ്പര്‍ 12ലേക്ക് കുതിച്ചു. സുപ്രധാന മത്സരത്തില്‍ ദുര്‍ബലരായ പാപ്പുവ ന്യൂ ഗിനിയയെ 84 റണ്‍സിന് തുരത്തിയാണ് ബംഗ്ലാ കടുവകളുടെ മുന്നേറ്റം. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റായി. ഇതോടെ റണ്‍റേറ്റിന്റെ മികവില്‍ സ്‌കോട്ട്‌ലന്‍ഡിനെ (4 പോയിന്റ്) മറികടന്ന ബംഗ്ലാദേശ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. സ്‌കോര്‍: ബംഗ്ലാദേശ്-181/7 (20 ഓവര്‍). പാപ്പുവ ന്യൂ ഗിനിയ-97ന് ഓള്‍ഔട്ട് (19.3).

ഷാക്കിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവാണ് പാപ്പുവ ന്യൂ ഗിനിയയ്ക്കുമേല്‍ ബംഗ്ലാദേശിന് അനായാസ ജയം ഒരുക്കിയത്. 46 റണ്‍സും നാല് വിക്കറ്റുമായി ഷാക്കിബ് തനി നിറം കാട്ടിയപ്പോള്‍ പാപ്പുവ ന്യൂ ഗിനിയയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. പുറത്താകാതെ 46 റണ്‍സ് നേടിയ കിപ്ലിന്‍ ഡോറിഗയുടെ ചെറുത്ത് നില്‍പ്പാണ് പാപ്പുവ ന്യൂ ഗിനിയയെ വന്‍ അപമാനത്തില്‍ നിന്ന് രക്ഷിച്ചത്. അവരുടെ ബാറ്റര്‍മാരില്‍ ഭൂരിഭാഗവും രണ്ടക്കം കടന്നില്ല. രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ മുഹമ്മദ് സെയ്ഫുദിനും തസ്‌കിന്‍ അഹമ്മദും ഷാക്കിബിന് മികച്ച പിന്തുണ നല്‍കി.

നേരത്തെ, ബംഗ്ലാദേശിനായി നായകന്‍ മുഹമ്മദുള്ള (50) ഹാഫ് സെഞ്ച്വറി കുറിച്ചു. ലിന്റണ്‍ ദാസ് (29), ആലിഫ് ഹൊസൈന്‍ (21), മുഹമ്മദ് സെയ്ഫുദിന്‍ (6 പന്തില്‍ 19, ഒരു ബൗണ്ടറി, രണ്ട് സിക്സ്) എന്നിവരും ബംഗ്ലാ ബാറ്റര്‍മാരില്‍ മോശമാക്കിയില്ല. പാപ്പുവ ന്യൂ ഗിനിയയ്ക്കായി കബുവ മൊറേയയും ഡാമിയന്‍ രാവുവും ആസാദ് വാലയും രണ്ട് വിക്കറ്റ് വീതം പിഴുതു.