നാണംകെട്ടിട്ടും പാഠം പഠിക്കാതെ ഓസ്‌ട്രേലിയ; വിവാദ താരത്തെ ക്യാപ്റ്റനാക്കാന്‍ നീക്കം

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച് നാണംകെട്ട ടിം പെയ്‌ന്റെ പിന്‍ഗാമിയായി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകപദം മറ്റൊരു വിവാദ താരത്തെ ഏല്‍പ്പിക്കാന്‍ നീക്കം. പന്തു ചുരണ്ടലിലൂടെ കളങ്കിതനായ സ്റ്റീവ് സ്മിത്തിനെ നായക പദവിയില്‍ പുന:പ്രതിഷ്ഠിക്കാന്‍ ഓസ്ട്രലിയ ശ്രമമാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഓസീസ് ടീമിന്റെ നായകനായി പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖന്‍. എന്നാല്‍ സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സമീപിച്ചെന്നാണ് അറിയുന്നത്.

2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തു ചുരണ്ടലിലൂടെ അവഹേളിതനായ സ്മിത്തിന് ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കിടയില്‍ അത്ര പ്രീതിയില്ല. പന്തു ചുരണ്ടല്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്മിത്തിനെ ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്കും ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്കും വിലക്കിയിരുന്നു. സ്മിത്തിന്റെ ഐപിഎല്‍ ക്യാപ്റ്റന്‍സിയും നഷ്ടപ്പെടുകയുണ്ടായി.

അതേസമയം, സ്മിത്തിന്റെ വിലക്ക് കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്മിത്തിനെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ നീക്കമാരംഭിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹത്തിന് മുന്നില്‍ ഓസ്‌ട്രേലിയയുടെ മുഖംമിനുക്കാനുള്ള നടപടികള്‍ക്കു പകരം തെറ്റിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ശ്രമത്തെ മുന്‍ താരങ്ങളടക്കം എതിര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.