ഏഷ്യാ കപ്പ് വേദി പ്രഖ്യാപിച്ചു, ടൂര്‍ണമെന്റില്‍ നിര്‍ണായക മാറ്റം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ശ്രീലങ്ക വേദിയാകും. പതിവ് ഏകദിന ഫോര്‍മാറ്റിന് പകരം ഇക്കുറി ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം സ്ഥീരീകരിച്ചു.

ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാന്‍,ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും ക്വാളിഫയറില്‍ ജയിക്കുന്ന മറ്റൊരു ടീമുമാകും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടുക.

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ക്വാളിഫയര്‍ പോരാട്ടം ആഗസ്റ്റ് 20ന് തുടങ്ങും. നേരത്തെ 2016ലും ടി20 ഫോര്‍മാറ്റിലായിരുന്നു ഏഷ്യാ കപ്പ് നടന്നത്.

രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഏഷ്യാ കപ്പ് നടക്കാറ്. 2018-ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. പിന്നീട് കോവിഡിനെത്തുടര്‍ന്ന് നടത്താനായില്ല. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഇക്കുറി നടക്കുന്നത്.