Asia Cup 2025: ഫൈനലിൽ ഹാർദിക്കിനും അഭിഷേകിനും കളിക്കാനാകുമോ?; താരങ്ങളുടെ പരിക്കിൽ വിശദീകരണവുമായി മോർണി മോർക്കൽ

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ ഘട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരായ വിജയത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കും അഭിഷേക് ശർമ്മയ്ക്കും ഫൈനലിൽ പങ്കെടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് അപ്‌ഡേറ്റ് നൽകി ടീം ഇന്ത്യൻ ബോളിംഗ് കോച്ച് മോർണി മോർക്കൽ. അഭിഷേക് ആരോ​ഗ്യം വീണ്ടെടുത്തെന്നും ഹാർദിക്ക് നിരീക്ഷിണത്തിലാണെന്നും മോർക്കൽ പറഞ്ഞു.

ഓപ്പണറെയും ഓൾറൗണ്ടറെയും പേശിവലിവ് ബാധിച്ചതായും മുൻകരുതൽ നടപടിയായിട്ടാണ് മാനേജ്‌മെന്റ് അവരെ കളത്തിൽ നിന്ന് മാറ്റാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹാർദിക്കിന് ഹാംസ്ട്രിംഗിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു, ഒരു ഓവർ മാത്രം എറിഞ്ഞ ശേഷം അദ്ദേഹം കളം വിട്ടു. രണ്ടാം ഇന്നിംഗ്‌സിന്റെ പത്താം ഓവറിൽ അഭിഷേക് വലതു തുടയിൽ പിടിച്ച് നടക്കുന്നതായി കാണപ്പെട്ടു.

“അവർക്ക് പേശിവലിവ് ഉണ്ടായിരുന്നു. ഞങ്ങൾ ഹാർദിക്കിനെ നിരീക്ഷിച്ച ശേഷം ഒരു തീരുമാനം എടുക്കും. അഭിഷേക് സുഖമായി കാണപ്പെടുന്നു,” മോർണി മോർക്കൽ പറഞ്ഞു.

Read more

ഞായറാഴ്ചയാണ് ഇന്ത്യ-പാക് ഫൈനൽ പോരാട്ടം. ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും മൂന്നാം തവണയാണ് പരസ്പരം ഏറ്റുമുട്ടാൻ പോകുന്നത്. മുൻ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.