2025 ഏഷ്യാ കപ്പിനുള്ള ടീമിൽ ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർ ആശക്കുഴപ്പത്തിലെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 9 മുതൽ ആരംഭിക്കുന്ന 8 രാജ്യങ്ങളുടെ ടൂർണമെന്റ്, ഇന്ത്യൻ ടീമിന്റെ അടുത്ത ടെസ്റ്റ് അസൈൻമെന്റിന് തൊട്ടടുത്ത ദിവസങ്ങളിലാണ് അവസാനിക്കുന്നത്. ഒക്ടോബർ 2 ന് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കും. സെപ്റ്റംബർ 28 നാണ് ഏഷ്യാ കപ്പ് ഫൈനൽ. ഇക്കാരണത്താൽ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ രണ്ട് മനസ്സുകളിലാണെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര മനസ്സിൽ വെച്ചുകൊണ്ട് ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർക്ക് ബോധ്യമില്ലെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് ഗില്ലിന്റെ അനുഭവം ആവശ്യമാണെന്ന് അവർ കരുതുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, 15 അംഗ ടീമിൽ ഗിൽ ഉൾപ്പെടാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലെന്നും ഏഷ്യാ കപ്പ് മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
“ഏഷ്യാ കപ്പ് അവസാനിച്ച് ഒരു ആഴ്ചയ്ക്കുള്ളിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനാൽ സെലക്ടർമാർക്ക് ഇപ്പോഴും ഗില്ലിന്റെ സാധ്യതകളെക്കുറിച്ച് ബോധ്യമില്ല. എന്നിരുന്നാലും, അടുത്ത വർഷം ആദ്യം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഗില്ലിന്റെ അനുഭവം ആവശ്യമായി വരുമെന്നും അവർ വിശ്വസിക്കുന്നു,” റിപ്പോർട്ട് പറയുന്നു.
അടുത്തിടെ രോഹിത് ശർമ്മയിൽ നിന്ന് ടെസ്റ്റ് ടീമിന്റെ ചുമതല ഏറ്റെടുത്ത ഗില്ലിന്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-2 സമനിലയിലേക്ക് ടീമിനെ നയിക്കാൻ കഴിഞ്ഞു. 5 മത്സരങ്ങളിൽ നിന്ന് 740 റൺസ് നേടിയ അദ്ദേഹം പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായി.
Read more
യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവർക്കൊപ്പം ഏഷ്യാ കപ്പിലൂടെ ഗിൽ ടി20യിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി ഒരു റിപ്പോർട്ട് അവകാശപ്പെട്ടു. 2024 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഗിൽ അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. ഏഷ്യാ കപ്പിനുള്ള പ്രാഥമിക ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.







