ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് കപില്‍ ദേവിന്‍റെ മുന്നറിയിപ്പ്, ഗൗനിച്ചില്ലെങ്കില്‍ ലോകകപ്പില്‍ പണികിട്ടും

ഏഷ്യാ കപ്പ് മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിന് ഒരു പ്രധാന മുന്നറിയിപ്പുമായി ഇതിഹാസ താരം കപില്‍ ദേവ്. പരിക്കേറ്റ താരങ്ങളുടെ ഫോമാണ് കപില്‍ ദേവിനെ ആശങ്കപ്പെടുത്തുന്നത്. അതിനാല്‍ പരിക്കിന് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താനുള്ള അവസരം നല്‍കണമെന്ന് കപില്‍ ദേവ് പറയുന്നു.

ഇന്ത്യയുടെ മധ്യനിരയിലേക്ക് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയിട്ടുണ്ട്. രണ്ട് പേരും നിര്‍ണ്ണായകമായ ബാറ്റിംഗ് പൊസിഷനില്‍ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഫോമിലേക്കെത്താനാവാതെ പോയാല്‍ ടീമിന്റെ പ്രകടനത്തെയാകെ അത് ബാധിക്കും. അതിനാല്‍ പരിക്കിന് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താനുള്ള അവസരം നല്‍കണമെന്ന് കപില്‍ ദേവ് പറഞ്ഞു.

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍.

ഓഗസ്റ്റ് 30 ന് പാകിസ്ഥാനും നേപ്പാളും തമ്മില്‍ ആയിരിക്കും ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കളി. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരെയാണ്.