സച്ചിന്റെ മകനാണ് അർജുൻ, അവനെ വിമർശിക്കാൻ അശ്വിന് എന്താണ് യോഗ്യത: യോഗ് രാജ് സിംഗ്

മാർച്ച് 28 ആം തിയതി മുതലാണ് ഐപിഎൽ 2026 നു കൊടിക്കേറുന്നത്. എല്ലാ ടീമുകളും അതിനായുള്ള കടുത്ത തയ്യാറെടുപ്പിലാണ്. ഇത്തവണ യുവ താരങ്ങളുടെ പ്രകടനങ്ങൾ വളരെ നിർണായകമാണ്. പല താരങ്ങളുടെയും ശക്തമായ തിരിച്ച് വരവ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.

യുവതാരങ്ങളുടെ കൂട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനും ഈ സീസൺ വളരെ നിർണായകം തന്നെയാണ്. ഇപ്പോഴിതാ ആർ അശ്വിൻ സ്വന്തം യുട്യൂബ് ചാനലിൽ സംസാരിക്കവെ അർജുന് ലഖ്നൗവിന്റെ പ്ലേയിങ് 11ൽ സ്ഥാനം ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. അതിനെതിരെ സംസാരിച്ചിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്.

‘അശ്വിൻ എന്താണീ പറയുന്നത്. ആരാണ് ഈ അശ്വിൻ? ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് വേണം ഇങ്ങനെയൊക്കെ സംസാരിക്കാൻ. വെറുതെ ടിവിയുടെ മുന്നിലിരുന്ന് അവനെക്കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല എന്നെല്ലാം പറയാൻ നിങ്ങൾ ആരാണ്? അർജുൻ‌ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്.’ യോഗ് രാജ് വിമർശിച്ചു.

‘ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ. അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും. അവനെക്കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കിൽ ഞാൻ‌ എന്റെ താടി കളയാം’ യോഗ് രാജ് കൂട്ടിച്ചേർത്തു.