നമ്മള് മലയാളികൾ പുലിയല്ലേ? ടീമിന്റെ തകർപ്പൻ ജയത്തിന് ശേഷം റോബിൻ ഉത്തപ്പയുടെ മലയാളം മറുപടി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിംബാബ്‌വെ ആഫ്രോ ടി10 ക്രിക്കറ്റിൽ തന്റെ തകർപ്പൻ മികവ് തുടർന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ . ഹരാരെ ഹരികെയ്ൻസിന് വേണ്ടി കളിക്കുന്ന റോബിൻ ഉത്തപ്പ തന്റെ മികവും ക്ലാസുമൊന്നും വിട്ട് പോയിട്ടില്ല എന്നത് തെളിയിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 154 റൺസാണ് ഉത്തപ്പ നേടിയത്.ഇന്നലെ നേടിയ 53 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. 19.25 ശരാശരിയിലാണ് ഇത്രയും റൺസ് അടിച്ചെടുത്തത്. 154.00 സ്‌ട്രൈക്ക് റേറ്റും ഉത്തപ്പയ്ക്കുണ്ട്. 10 സിക്‌സും 15 ഫോറും ഉത്തപ്പ നേടി.

ടി 10 ക്രിക്കറ്റ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ തരംഗമാകാൻ കാരണം ശ്രീശാന്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീയുടെ തകർപ്പൻ ബൗളിംഗ് മികവിലൂടെ തോൽവി ഉറപ്പിച്ച മത്സരത്തിൽ ശ്രീ തന്റെ ടീമായ കേപ്പ് ടൗണിന് വേണ്ടി എറിഞ്ഞമികച്ച അവസാന ഓവറിലൂടെ മത്സരം സമനിലയിൽ അവസാനിക്കുകയും ഒടുവിൽ ടീം സൂപ്പർ ഓവറിൽ ടീം ജയിക്കുകയും ആയിരുന്നു. പിന്നാലെയാണ് പാതി മലയാളിയായ റോബിൻ ഉത്തപ്പയുടെ പ്രകടനം കൂടി വരുന്നത്, ഇതോടെ മലയാളികൾ ഹാപ്പി.

ഇന്നലത്തെ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ റോബിൻ ഉത്തപ്പ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും കൂടുതൽ തരംഗമായത് അദ്ദേഹത്തിന്റെ വാക്കുകളാണ്. 23 പന്തിൽ 53 റൺസാണ് റോബിൻ ഇന്നലെ നേടിയത് . നാല് സിക്‌സും അഞ്ച് ഫോറും ഉത്തപ്പയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മത്സരശേഷം മലയാളത്തിൽ സംസാരിച്ച റോബിൻ പറഞ്ഞത് ഇങ്ങനെ ”ഒരുപാട് സന്തോഷമുണ്ട്. ഇന്നലെ ശ്രീ ജയിപ്പിച്ചു. ഇന്ന് ഞാൻ ജയിപ്പിച്ചു. നമ്മള് മലയാളികൾ പുലിയല്ലേ? നല്ലത് പോലെ മുന്നോട്ട് പോവുന്നു ഇപ്പോൾ. പക്ഷേ, തീർന്നിട്ടില്ല. നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ഉണ്ടാവട്ടെ. നമ്മള് ഉറപ്പായിട്ടും ജയിക്കും.” ഉത്തപ്പ പറഞ്ഞു.” എന്തായാലും റോബിന്റെ മലയാളം ഇപ്പോൾ ആഘോഷിക്കപ്പെടുകയാണ്.

എന്തായാലും മലയാളി പുലിയല്ലേ എന്ന ഡയലോഗ് പോലെ തന്നെ ശ്രീയുടെയും റോബിൻറെയോ ടീം ജയിക്കട്ടെ എന്നതാണ് ആരാധകരുടെ ആഗ്രഹം.