INDIAN CRICKET: കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ അവനാണ്, ആ സൂപ്പര്‍താരത്തെ എന്തായാലും ഇന്ത്യ കളിപ്പിക്കണം, ഇംപാക്ടുളള താരമാണ് അവനെന്ന് അനില്‍ കുംബ്ലെ

വിരാട് കോഹ്‌ലിയുടെ വിരമിക്കലിലൂടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നാലാം നമ്പര്‍ പൊസിഷന്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോഹ്‌ലി ഏറെ നാള്‍ കളിച്ച ഈ പൊസിഷനില്‍ ഇനി ആര് വരുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച കരുണ്‍ നായരെ കോഹ്ലിക്ക് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് ഉള്‍പ്പെടുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയമുളളതുകൊണ്ട് കരുണിന് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി നന്നായി കളിക്കാനാകുമെന്ന് അനില്‍ കുംബ്ലെ പറയുന്നു. 2024-25 രഞ്ജി ട്രോഫി സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 863 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. കരുണിന്റെ മികവില്‍ രഞ്ജി കിരീടം വരെ നേടാന്‍ വിദര്‍ഭ ടീമിനായി. 2017ലാണ് ഇന്ത്യന്‍ ടീമിന് വേണ്ടി കരുണ്‍ അവസാനമായി കളിച്ചത്. വിരേന്ദര്‍ സെവാഗിന് പുറമെ ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരമാണ് കരുണ്‍.

ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും മികവ് തെളിയിച്ച കരുണ്‍ നായര്‍ക്ക് എന്തുകൊണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംനേടാനുളള അര്‍ഹതയുണ്ടെന്ന് അനില്‍ കുംബ്ലെ പറയുന്നു. കരുണ്‍ ആണ് കോഹ്‌ലിക്ക് പകരക്കാരനായി ഇനി നാലാം നമ്പറില്‍ കളിക്കേണ്ടതെന്ന് താന്‍ കരുതുന്നുവെന്നും കുംബ്ലെ പറഞ്ഞു. “ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് കുറച്ച് പരിചയം ആവശ്യമാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍, അവിടെ പോയി കളിച്ചിട്ടുളള ഒരാളെ നിങ്ങള്‍ക്ക് ആവശ്യമാണ്. കരുണ്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അതിനാല്‍ കരുണിന് സാഹചര്യങ്ങള്‍ അറിയാം. അദ്ദേഹം ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരാളായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, കുംബ്ലെ കൂട്ടിച്ചേര്‍ത്തു.