ശ്രീലങ്കൻ ടീമിന് ഈ വർഷം കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം അനുവദിച്ചതിൽ പ്രതികരണവുമായി എയ്ഞ്ചലോ മാത്യൂസ്. ഞങ്ങളോട് മാത്രം എന്തിനാണീ അവഗണനയെന്ന് അദ്ദേഹം ചോദിച്ചു. സത്യം പറഞ്ഞാൽ ഇത് വളരെയധികം സങ്കടപ്പെടുത്തുന്ന കാര്യമാണ്. ശ്രീലങ്കയുടെ യുവതാരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റിലെ എറ്റവും മികച്ച ഫോർമാറ്റ് ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കൻ ടീമിന് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കണം.
ഞങ്ങളുടെ ടീമിലെ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുളളവരാണ്. എയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മാത്യൂസ് സംസാരിച്ചത്. 2025ൽ നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ശ്രീലങ്കൻ ടീം കളിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് ലങ്കൻ ടീം ഇത്രയും കുറവ് മത്സരങ്ങൾ ഒരു വർഷം കളിക്കുന്നത്.
Read more
“ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ വർഷത്തിൽ 15ലധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. പക്ഷേ ശ്രീലങ്കയ്ക്ക് എന്തുകൊണ്ടാണ് കളിക്കാൻ മത്സരങ്ങൾ ഇല്ലാത്തത്? , മാത്യൂസ് ചോദിച്ചു. ശ്രീലങ്കയ്ക്ക് ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ കളിക്കും. വർഷം 10 ടെസ്റ്റ് മത്സരമെങ്കിലും ശ്രീലങ്കൻ ടീമിന് കളിക്കാൻ കഴിയണം. ശ്രീലങ്ക ലോകകിരീടങ്ങൾ വിജയിച്ചിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ ക്രിക്കറ്റിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളെപോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ശ്രീലങ്കയ്ക്ക് അവകാശമുണ്ട്”, മാത്യൂസ് പ്രതികരിച്ചു.