മലയാളി വജ്രായുധം ഐ.പി.എല്‍ ടീമില്‍

ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലേക്ക് മുഴുകാനിരിക്കെ മലയാളി ആരാധകരെ തേടി മറ്റൊരു സന്തോഷവാര്‍ത്ത കൂടി. മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഈ സീസണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും.

കൊല്‍ക്കത്ത ഈ സീസണില്‍ ടീമിലെടുത്തിരുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതാണ് സന്ദീപിന് ഗുണമായത്. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ ടീമിലെടുത്ത് കൊണ്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിളിയെത്തുന്നത്. ഇന്ന് താരം കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

മുഷ്താഖ് അലി ട്രോഫിയിലും രഞ്ജിയിലുകമെല്ലാം സന്ദീപ് കേരളത്തിനായി കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് തുണയായത്. ഈ സീസണ്‍ രഞ്ജി ട്രോഫിയിലെ 10 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളും, മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ 6 കളികളില്‍ 8 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുണ്ടായിരുന്നെങ്കിലും ആവശ്യക്കാരില്ലാതിരുന്ന സന്ദീപ് അണ്‍സോള്‍ഡ് ആവുകയായിരുന്നു. 20 ലക്ഷം രൂപയായിരുന്നു താരലേലത്തില്‍ സന്ദീപിന്റെ അടിസ്ഥാന വില. ഈ തുക തന്നെയാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുക.

2013 മുതലുള്ള മൂന്ന് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ കളിക്കാനുള്ള അവസരം ഇത് വരെ ഈ മലയാളി താരത്തിന് ലഭിച്ചിരുന്നില്ല.