ധവാനും സഞ്ജുവുമായി കരാര്‍; ഒടുവില്‍ ബി.സി.സി.ഐയ്ക്ക് അവര്‍ തന്നെ വേണ്ടിവന്നു; പ്ലാന്‍ ഇങ്ങനെ

2022-23ലേക്കുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും പ്രതീക്ഷിച്ച ലൈനുകളിലാണെങ്കിലും, ഇന്ത്യന്‍ ബോര്‍ഡ് കുറച്ച് ആശ്ചര്യങ്ങള്‍ സൃഷ്ടിച്ചു. സഞ്ജു സാംസണും ശിഖര്‍ ധവാനും ഗ്രേഡ് സി കരാര്‍ നല്‍കി. ഇത് ഈ താരങ്ങളുടെ 2023 ഏകദിന ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്.

2023 ഏകദിന ലോകകപ്പിനുള്ള പ്ലാനുകളില്‍ നേരത്തെ ഇരുവരും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ചില പ്രമുഖ താരങ്ങളുടെ പരിക്കുകള്‍ അവരെ ലോകകപ്പ് പദ്ധതികളിലേക്ക് എത്തിച്ചു. വാഹനപടത്തില്‍പ്പെട്ട് ഋഷഭ് പന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്നസില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അതേസമയം ടീമിലെ സ്ഥാനം ന്യായീകരിക്കുന്നതില്‍ സൂര്യകുമാര്‍ യാദവ് പരാജയപ്പെട്ടുമുണ്ട്.

മാര്‍ച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഇടം നേടാതിരുന്ന സഞ്ജു സാംസണിന് എന്നാല്‍ താരങ്ങളുടെ പരിക്ക് ഗുണമായി. ഏകദിനത്തില്‍ 66 ശരാശരി യുള്ള അദ്ദേഹത്തിന് ബിസിസിഐയുടെ കന്നി കരാര്‍ ലഭിക്കുകയും ചെയ്തു. കഴിവും ഫോമും ഉണ്ടായിരുന്നിട്ടും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ ഒന്നിലും സഞ്ജു പതിവ് താരമല്ല. എന്നിരുന്നാലും, ബിസിസിഐയുടെ കരാറില്‍ ഇടംപിടിച്ചതോടെ ലോകകപ്പിലേക്കുള്ള സാദ്ധ്യതയും നിരവധി അവസരങ്ങളുമാണ് സഞ്ജുവിന് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്.

വരുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ നാലാം നമ്പരിലെ തലവേദനമാറ്റാന്‍ സഞ്ജുവിനെ കണ്ണുമടച്ച് ബിസിസിഐ ഇറക്കുമെന്ന് തന്നെ കരുതാം. ഇവിടെ തുടര്‍ച്ചയായി മോശം പ്രകടനത്തെ തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെഎല്‍ രാഹുലിനെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി എന്നതും ശ്രദ്ധേയമാണ്.

ശിഖര്‍ ധവാനും ഇത് ബാധകമാണ്. 37-ാം വയസ്സില്‍, തന്റെ ക്രിക്കറ്റ് കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധവാന്‍. ഒരു ലോകകപ്പില്‍ കൂടി പങ്കെടുക്കാനുള്ള അവസാന അവസരമാണ് താരത്തിന് മുന്നിലുള്ളത്. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും തുടര്‍ച്ചയായ മാസങ്ങളില്‍ തന്റെ സ്ഥാനം ഏറ്റെടുത്തതോടെ അദ്ദേഹം ഈ വര്‍ഷം ഇന്ത്യക്കായി കളിച്ചിട്ടില്ല.

ഡിസംബറില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം കിഷന്‍ മോശം ഫോമിലാണ്. അതിനാല്‍ മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ ധവാന്‍ ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം കുറച്ച് അവസരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹം ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി തുടരുന്നു. കൂടാതെ, ഐസിസി ടൂര്‍ണമെന്റുകളിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അവഗണിക്കുക എന്നത് ബിസിസിഐയ്ക്ക് പ്രയാസമാണ്. ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് സെഞ്ച്വറികളോടെ അദ്ദേഹത്തിന് 65 ശരാശരിയുണ്ട്.