ഈ ഐപിഎലിനു ശേഷം അവന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകും; പ്രവചനവുമായി മഞ്ജരേക്കര്‍

ഐപിഎല്‍ 17ാം സീസണ്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാന്‍ പോകുന്ന താരത്തെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎലില്‍ രണ്ട് തവണ കിരീടം ചൂടിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷറായ റിങ്കു സിംഗിന്റേതായിരിക്കും ഇന്ത്യന്‍ ടീമില്‍ ബോള്‍ഡായി എഴുതപ്പെടാന്‍ പോകുന്ന പേരെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ റിങ്കു സ്ഥിരം സാന്നിധ്യമാകും. അവന്‍ ഇപ്പോള്‍ തന്നെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ കളിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കടുത്ത മത്സരമാണുള്ളത്. ടീമിലെത്താനായി ബാറ്റര്‍മാരുടെ നീണ്ട ക്യൂ പുറത്ത് കാത്തു നില്‍ക്കുന്നുണ്ട്. പക്ഷെ അപ്പോഴും റിങ്കുവിന്റെ പേര് അവിടെ ബോള്‍ഡായി എഴുതിയിട്ടുണ്ടാകും- മഞ്ജരേക്കര്‍ പറഞ്ഞു.

കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച താരമാണ് റിങ്കു. ആ സീസണില്‍ യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി കൊല്‍ക്കത്തക്ക് അവിശ്വസനീ വിജയം റിങ്കു നേടിക്കൊടുത്തിരുന്നു. സീസണില്‍ 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററും റിങ്കുവായിരുന്നു.

ഈ പ്രകടനത്തോടെ പേരെടുത്ത റിങ്കു ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറി.