'പാകിസ്ഥാന്‍ ടീമിന് ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകരണം റാഷിദിന് ഇന്ത്യ നല്‍കി'; പാക് മാധ്യമപ്രവര്‍ത്തകന്റെ കുത്തിത്തിരിപ്പ് പോസ്റ്റിന് അഫ്ഗാന്‍ ആരാധിക നല്‍കിയ മറുപടി വൈറല്‍

ലോകകപ്പിനായി ഇന്ത്യയിലേക്കുള്ള അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്റെ വരവിനെക്കുറിച്ച് ഒരു പാക് മാദ്ധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുത്തിത്തിരിപ്പ് പോസ്റ്റിന് ഒരു അഫ്ഗാന്‍ ആരാധിക നല്‍കിയ മറുപടി വൈറലാകുന്നു. പാകിസ്ഥാന്‍ ടീമിന് ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകരണം റാഷിദിന് ഇന്ത്യ നല്‍കി എന്നാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാന്‍ പറഞ്ഞത്.

‘ലോകകപ്പ് മത്സരത്തിനായി റാഷിദ് ഖാന്‍ ഇന്ത്യയിലേയ്ക്ക് പറക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകരണമാണ് റാഷിദിന് ഇന്ത്യ നല്‍കുന്നത്. ഏതായാലും അദ്ദേഹത്തിനും അഫ്ഗാനിസ്ഥാനും ആശംസകള്‍’- എന്നാണ് ഫരീദ് ഖാന്‍ എക്സില്‍ കുറിച്ചത്.

ഫരീദിന്റെ ഈ പരാമര്‍ശം നിരവധി സൈബര്‍ ലോകത്ത് ചര്‍ച്ചയായതിന് പിന്നാലെ ഒരു അഫ്ഗാന്‍ ആരാധിക വസ്മ ആയോബി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തുകൊണ്ട് മികച്ച പരിഗണന കിട്ടില്ല? താങ്കള്‍ക്ക് അറിയാമെങ്കിലും ഞാന്‍ ഒന്നുകൂടി ഓര്‍മിപ്പിക്കാം എന്ന് പറഞ്ഞാണ് ആരാധിക കുറിപ്പ് പങ്കുവെച്ചത്.

*ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ഏറ്റവും പ്രിയപ്പെട്ട അഫ്ഗാന്‍ ക്രിക്കറ്ററാണ് അദ്ദേഹം(റാഷിദ് ഖാന്‍).

*അദ്ദേഹത്തിന്റെ പേരില്‍ അനേകം റെക്കാഡുകളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളറാണ് അദ്ദേഹം. നിങ്ങള്‍ എന്താണ് നേടിയത്?

*ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളെപ്പോലെയാണ്’- വസ്മ ആയോബി എക്സില്‍ മറുപടി നല്‍കി.