റിതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ പരിക്കേറ്റ് പുറത്തായ റിതുരാജിന് പകരം എംഎസ് ധോണിയാണ് ചെന്നൈയെ പിന്നീടുളള മത്സരങ്ങളില്‍ നയിച്ചത്. ചെന്നൈക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയിട്ടുളള താരമാണ് റിതുരാജ്. അടുത്തിടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യയുടെ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഈ ടീമില്‍ റിതുരാജ് ഗെയ്ക്‌വാദും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ഫിറ്റായ റിതുരാജിനെ ചെന്നൈ എന്തുകൊണ്ടാണ് വീണ്ടും ഉള്‍പ്പെടുത്താത്തതെന്ന് ചോദ്യം ചെയ്ത് ആകാശ് ചോപ്ര രംഗത്തെത്തിയത്.
റിതുരാജ് ഗെയ്ക്വാദിന്റെ പരിക്കിനെക്കുറിച്ചുള്ള സത്യം എന്താണ് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. പരിക്കേറ്റ സമയത്ത് അദ്ദേഹം ഐപിഎല്‍ ഈ സീസണില്‍ നിന്നും പുറത്തായി എന്നാണ് പറഞ്ഞിരുന്നത്. എന്നിരുന്നാലും, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയാണ്. ഇന്ത്യ എയുടെ ആദ്യ മത്സരത്തില്‍ റിതുരാജ് ലഭ്യമാണ്. ഇത്ര പെട്ടെന്ന് കളിക്കാന്‍ സജ്ജനായെങ്കില്‍, എപ്പോഴാണ് അദ്ദേഹം ഫിറ്റ്‌നസ് നേടിയത്. ആകാശ് ചോപ്ര സംശയമുന്നയിച്ചു.
റിതുരാജ് ഇപ്പോഴും ഫിറ്റ്‌നസ് ഇല്ലാത്ത ആളാണെങ്കില്‍, എങ്ങനെയാണ് അദ്ദേഹം ലഭ്യമാകുന്നത്? ഫിറ്റ്‌നസ് ഉള്ള ആളാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ കളിക്കാത്തത്? എനിക്കറിയില്ല. വ്യക്തത വന്നിട്ടില്ലാത്ത ഒരു നിഗൂഢതയാണിത്. അവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ചോപ്ര കൂട്ടിച്ചേര്‍ത്തു.