ഐപിഎല്‍ 2025ല്‍ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടക്കം മുതല്‍ കാഴ്ചവച്ചത്. രജത് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ പ്ലേഓഫ് ആദ്യമേ ഉറപ്പിച്ച ടീമുകളിലൊന്നായി അവര്‍ മാറി. ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് ആര്‍സിബി കാഴ്ചവയ്ക്കുന്നത്. വിരാട് കോഹ്ലി തന്നെയാണ് ഇത്തവണയും ബെംഗളൂരു ബാറ്റിങ് ലൈനപ്പ് മുന്നില്‍ നിന്ന് നയിക്കുന്നത്. 11 കളിയില്‍ 505 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കോഹ്ലിയുളളത്.
ഐപിഎലില്‍ പുതുക്കിയ ഷെഡ്യൂള്‍ ആര്‍സിബിക്ക് ഇനി വലിയ തലവേദനയുണ്ടാക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 11 മത്സരങ്ങളില്‍ 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു ഉളളത്. മേയ് 17ന് കൊല്‍ക്കത്തയ്‌ക്കെതിരെയും മേയ് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുമാണ് അവരുടെ അടുത്ത മത്സരങ്ങള്‍. തുടര്‍ന്ന് മേയ് 27ന് ലഖ്‌നൗവിനെതിരെയാണ് സീസണിലെ അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം.
ഹോം ഗ്രൗണ്ടില്‍ വച്ചായിരിക്കില്ല ആര്‍സിബിയുടെ അവസാന മത്സരമെന്നത് അവര്‍ക്ക് തലവേദനയുണ്ടാക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. “ആര്‍സിബി അവരുടെ അവസാന മത്സരം സ്വന്തം നാട്ടില്‍ കളിക്കേണ്ടതായിരുന്നു. ആ മത്സരം കെകെആറിനെതിരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ ആദ്യം അവരുടെ ഹോം മത്സരങ്ങള്‍ കളിക്കും, പിന്നീട് അവസാന മത്സരം ലഖ്‌നൗവിനെതിരെ അവരുടെ ഹോംഗ്രൗണ്ടില്‍ വച്ചാണ്. ആ കാഴ്ചപ്പാടില്‍ നിന്ന് നോക്കുകയാണെങ്കില്‍, ആര്‍സിബിക്ക് പ്ലേഓഫിന് മുന്‍പുളള മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസമാണ്”, ചോപ്ര പറഞ്ഞു.