INDIAN CRICKET: കോഹ്ലിക്കു മുന്നില്‍ ഇന്ത്യയില്‍ നിന്ന് ആ സൂപ്പര്‍താരം മാത്രം, ഈ റെക്കോഡ് ലിസ്റ്റിലുളളതെല്ലാം ഇതിഹാസ താരങ്ങള്‍, എന്തൊരു കളിക്കാരാണ് ഇവരെല്ലാം

14 വര്‍ഷത്തെ ടെസ്റ്റ് കരിയര്‍ വിരാട് കോഹ്ലി മതിയാക്കിയതോടെ ഇന്ത്യന്‍ ടീമില്‍ വലിയ വിടവാണുണ്ടായിരിക്കുന്നത്. മേയ് 12നാണ് താന്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായി കോഹ്ലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് താരം കളിച്ച അവസാന പരമ്പര. ടെസ്റ്റില്‍ നാലാം നമ്പര്‍ ബാറ്ററായാണ് വര്‍ഷങ്ങളോളം വിരാട് കളിച്ചിട്ടുളളത്. നാലാം നമ്പര്‍ ബാറ്റര്‍മാരില്‍ ടെസ്റ്റില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ താരത്തിന്റെ സ്ഥാനം.

99 മത്സരങ്ങളില്‍ നിന്നായി 7,564 റണ്‍സാണ് വിരാട് നേടിയത്. ഈ ലിസ്റ്റില്‍ എറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 179 മത്സരങ്ങളിലെ 275 ഇന്നിങ്‌സുകളില്‍ നിന്ന് 13,492 റണ്‍സാണ് നാലാം നമ്പറില്‍ കളിച്ച് സച്ചിന്‍ കരിയറില്‍ നേടിയത്. 54.40 ആണ് ശരാശരി. 44 സെഞ്ച്വറികളും 58 അര്‍ധസെഞ്ച്വറികളുമാണ് നാലാം നമ്പറില്‍ സച്ചിന്‍ നേടിയത്.

സച്ചിന് പിന്നിലായി ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണുളളത്. റൂട്ടിന് പിന്നിലാണ് വിരാട് കോഹ്ലി ഈ ലിസ്റ്റിലുളളത്. 124 മത്സരങ്ങളില്‍ 9,509 റണ്‍സാണ് ജയവര്‍ധനെ നാലാം നമ്പര്‍ പൊസിഷനില്‍ കളിച്ച് നേടിയത്. കാലിസ് 111 മത്സരങ്ങളില്‍ 9,033 റണ്‍സും ജോ റൂട്ട് 95 മത്സരങ്ങളില്‍ 7,745 റണ്‍സും നേടി.