'പൊള്ളാക്ക് എനിക്ക് പന്ത് തന്നു, തളര്‍ന്നതുപോലെ തോന്നി'; ഇന്ത്യന്‍ ഇതിഹാസത്തെ നേരിട്ടത് ഓര്‍ത്ത് മോര്‍ക്കല്‍

ഒരു കാലത്ത് ലോകോത്തര ബോളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനെ നേരിട്ടവരെല്ലാം ആ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സച്ചിനെതിരെ ആദ്യമായി പന്തെറിഞ്ഞത് ഓര്‍ത്തെടുക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍.

2006ലെ അരങ്ങേറ്റത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ നേരിട്ട കാര്യമാണ് പറയുന്നത്. എന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഓവര്‍ സച്ചിനെതിരെയായിരുന്നു. ഷോണ്‍ പൊള്ളാക്ക് പന്ത് ഏല്‍പ്പിച്ചതും ഞാന്‍ തളരുന്നതുപോലെ തോന്നി. എന്നാല്‍ ഈ പന്ത് ഞാന്‍ എറിയാന്‍ പോകുന്നു എന്നു തീരുമാനിച്ചു- മോര്‍ക്കല്‍ പറഞ്ഞു.

2010ല്‍ സച്ചിനെ നേരിട്ടതും ഓര്‍ക്കുന്നു. നല്ല മഴയുണ്ടായിരുന്ന സമയത്തെ ആ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ നമ്മള്‍ കുറഞ്ഞ സ്‌കോറിന് പുറത്താക്കി. പിന്നീട് സാഹചര്യങ്ങള്‍ ബാറ്റിംഗിന് അനുകൂലമായി. രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിന്റെ കളി അസാധാരണമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ പദ്ധതിക്ക് സച്ചിന്‍ ഉത്തരം നല്‍കി. സവിശേഷമായ ഒാര്‍മ്മയാണ് അതെന്നും മോര്‍ക്കല്‍ പറഞ്ഞു.