2012 ഉം 2014 ഉം ആവര്‍ത്തിക്കാന്‍ പോകുന്നു, വരുന്ന സീസണില്‍ കെകെആര്‍ കസറും; വിലയിരുത്തലുമായി ആകാശ് ചോപ്ര

ഈഡന്‍ ഗാര്‍ഡന്‍സ് പിച്ച് 2023 ഏകദിന ലോകകപ്പിലെന്നപോലെ സ്പിന്‍ സൗഹൃദമായി തുടരുകയാണെങ്കില്‍ 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആര്‍) മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ആകാശ് ചോപ്ര. 2012ലും 2014ലും ഐപിഎല്‍ കിരീട നേട്ടത്തില്‍ കൊല്‍ക്കത്ത പിച്ച് അവരെ ഏറെ സഹായിച്ചിരുന്നു. റീലെയ്ഡ് ചെയ്തതിന് ശേഷം ഉപരിതലം സീമര്‍ ഫ്രണ്ട്ലി ആയി മാറിയെങ്കിലും അടുത്തിടെ സമാപിച്ച ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്ക് വീണ്ടും സഹായകമായിരുന്നു.

ലോകകപ്പില്‍ കളിച്ചത് പോലെ കൊല്‍ക്കത്ത പിച്ച് കളിക്കുകയാണെങ്കില്‍, 50 ഓവറില്‍ 200 റണ്‍സ് പോലും എളുപ്പത്തില്‍ പിന്തുടരാനാകാത്ത പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ലഭിച്ചാല്‍, കൊല്‍ക്കത്ത കസറും. ഗൗതം (ഗംഭീര്‍) ഇത് ഇഷ്ടപ്പെടുന്നു. ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു ഉപദേഷ്ടാവ് എന്ന നിലയിലും അത്തരം പിച്ചുകള്‍ ആരും ആഗ്രഹിക്കുന്നു.

അവര്‍ക്ക് മികച്ച മൂന്ന് സ്പിന്നര്‍മാരുണ്ട്. വരുണ്‍ ചക്രവര്‍ത്തി – കഴിഞ്ഞ വര്‍ഷവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സുനില്‍ നരെയ്ന്‍ – അവന്‍ ഒരു വലിയ വിക്കറ്റ് വേട്ടക്കാരനല്ല, പക്ഷേ അധികം റണ്‍സ് വഴങ്ങില്ല. ഒപ്പം പിന്നെ സുയാഷ് ശര്‍മ്മയുണ്ട്- ആകാശ് ചോപ്ര പറഞ്ഞു.

കെകെആര്‍ ഒരു ഉറച്ച ടീമാണെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് സ്പിന്നര്‍മാരുടെ ബാഹുല്യം ഉള്ളതിനാല്‍ അവര്‍ക്ക് സ്പിന്നിന് അനുകൂലമായ പിച്ചുകള്‍ വേണമെന്നും അത്തരം പ്രതലങ്ങളില്‍ അവരുടെ ബാറ്റിംഗിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.