നേരിട്ട പന്തുകള്‍ 102 , അടിച്ച് കൂട്ടിയത് 217 റണ്‍സ്..!; സനത് ജയസൂര്യയുടെ തീപ്പന്ത മത്സരം

ഷമീല്‍ സലാഹ്

1996, അത് സനത് ജയസൂര്യയുടെ വര്‍ഷമായിരുന്നു.. ആ ലോകകപ്പിന്റെ ആരവങ്ങള്‍ കെട്ടടങ്ങി ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ ലോകകപ്പ് ടൂര്‍ണമെന്റിന്റെ പ്ലെയര്‍ ഓഫ് ദി സീരീസുമായ സനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിനൊപ്പം സിംഗപ്പൂരിലേക്ക് പോയി..അവിടെ മറ്റ് ഏഷ്യന്‍ ശക്തികളായ ഇന്ത്യയും, പാക്കിസ്ഥാനും കൂടി ഉള്‍പ്പെടുന്ന സിംഗര്‍ കപ്പ് ത്രീ രാഷ്ട്ര പരമ്പരക്കായിരുന്നു ജയസൂര്യയുടെ ആ പുറപ്പെടല്‍..

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ടീമുകളും ഒരോ തവണ വീതം പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പോയിന്റ് നേടുന്നവര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന തരത്തില്‍ സംഘടിപ്പിച്ച ആ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക പാകിസ്ഥാനെയും രണ്ടാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെയും മൂന്നാം മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെയും പരാജയപ്പെടുത്തി. ഒടുവില്‍, മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഫൈനലിന് യോഗ്യതയും നേടി.

ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കൊണ്ട് പാക്കിസ്ഥാന്‍ കിരീടവും ചൂടി. എന്നിരുന്നാലും ആ ടൂര്‍ണമെന്റിനെ ‘സനത് ജയസൂര്യയുടെ തീപ്പന്ത മത്സരം’ എന്നാണ് അറിയപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ ഉത്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വെറും 65 പന്തില്‍ നിന്നും 134 റണ്‍സും, രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ 9 പന്തില്‍ 7 റണ്‍സും, ഫൈനലില്‍ വീണ്ടും പാക്കിസ്ഥാനെതിരെ വെറും 28 പന്തില്‍ 76 റണ്‍സുമായിരുന്നു സനത് ജയസൂര്യ അന്ന് അടിച്ച് കൂട്ടിയത്. അതായത് ആ സമയത്തെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും, അര്‍ദ്ധ സെഞ്ച്വറിയുമെല്ലാം ആ ഒറ്റ ടൂര്‍ണമെന്റിലൂടെ സനത് ജയസൂര്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു..

പാക്കിസ്ഥാനുമായുള്ള ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി വെറും 48 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച ജയസൂര്യ, ഏതാനും മാസങ്ങള്‍ക്ക് ശേഷം ഷാഹിദ് അഫ്രീദി ആ റെക്കോര്‍ഡ് കീഴടക്കുന്നത് വരേക്കും ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ച്വറി എന്ന റെക്കോര്‍ഡ് ജയസൂര്യ സ്വന്തം പേരില്‍ കുറിച്ചു. ആ മത്സരത്തില്‍ നേടിയ 11 സിക്‌സറുകളിലൂടെ ഒരു ഏകദിന ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡ് 2008ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കനേഡിയന്‍ താരം സേവിയര്‍ മാര്‍ഷല്‍ കീഴടക്കുന്നത് വരേക്കും നില നിന്നു.

ഇന്ത്യയുമായുള്ള രണ്ടാം മത്സരത്തില്‍ പരാജയമായെങ്കിലും, ഫൈനലില്‍ വീണ്ടും ജയസൂര്യ ആളിക്കത്തി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ തുടക്കം മുതല്‍ തന്നെ ആഞ്ഞടിച്ച് കൊണ്ട്, വെറും 17 പന്തുകള്‍ നേരിട്ട ശേഷം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിയും ജയസൂര്യ സ്വന്തം പേരില്‍ കുറിച്ചു.
രസകരമെന്ന് പറയട്ടെ, ജയസൂര്യ അര്‍ദ്ധ സെഞ്ച്വറിയിലേക്കെത്തുമ്പോള്‍ തന്റെ സഹ ഓപ്പണറായ റൊമേശ് കാലുവിതരണ അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു..

2015ല്‍ AB ഡിവില്ലേഴ്‌സ് വെസ്റ്റ് ഇന്‍ഡീസിനെതിരെ 16 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച് റെക്കോര്‍ഡ് മറികടക്കുന്നത് വരേക്കും 19 വര്‍ഷം ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് നേട്ടം സനത് ജയസൂര്യയുടെ പേരില്‍ നിലനിന്നു..

എന്തായാലും ആ മത്സരത്തില്‍ 28 പന്തില്‍ 76 റണ്‍സില്‍ എത്തി നില്‍ക്കെ വഖാര്‍ യൂനിസിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച ജയസൂര്യയെ സയീദ് അന്‍വര്‍ പിടിച്ച് പുറത്താക്കി. 271.42 സ്ട്രൈക്ക് റേറ്റില്‍ 8 ഫോറും 5 സിക്സറും ഉള്‍പ്പെടുന്നതാണ് സനത് ജയസൂര്യയുടെ വേഗമേറിയ ആ ഇന്നിങ്ങ്‌സ്. തീര്‍ച്ചയായും ഇത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ Knockകളില്‍ ഒന്നാണ്..
ജയസൂര്യ പുറത്തായശേഷം മത്സരത്തില്‍ പിടിമുറുക്കിയ പാക്കിസ്ഥാനെതിരെ 43 റണ്‍സിന് ശ്രീലങ്ക തോറ്റെങ്കിലും, ആ മത്സരം സനത് ജയസൂര്യയുടെ ഇന്നിംഗ്സിന്റെ പേരില്‍ ഓര്‍മ്മിക്കപ്പെടും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍