സ്വർണവേട്ട; ഇടതു സർക്കാരിനെ കാത്തിരിക്കുന്നതെന്ത്?

കെ. ഭരത്

കോവിഡ് പ്രതിരോധത്തിലൂടെ സർക്കാർ നേടിയെടുത്ത പ്രതിച്ഛായയും ജനസമ്മതിയും സ്വർണ കള്ളക്കടത്ത് കേസിലൂടെ പ്രതിരോധത്തിലാക്കുമോ..?. രണ്ട് ദിവസമായി മുഖ്യധാര മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണിത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിനെ മറയാക്കി നടത്തിയ സ്വർണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാര, സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് സർക്കാരിനെതിരായ ആയുധമായി മാറുന്നത്. സ്വപ്ന സുരേഷ് ഐ.ടി വകുപ്പിലെ താത്കാലിക മുൻജീവനക്കാരിയാണെന്ന് വ്യക്തമായതോടെ കേസിൽ സർക്കാരിന്റെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങളും ചർച്ചകളും വന്നു കഴിഞ്ഞു.

യു.ഡി.എഫ് ഭരണകാലത്തെ സോളാർ കേസും സരിതയുമായും ബന്ധപ്പെട്ട് ഉയർന്നു വന്ന കഥകൾ ഓർമ്മിപ്പിക്കും തരത്തിലാണ് സ്വപ്ന സുരേഷിന്‍റെ പുതിയ കഥകൾ പുറത്ത് വരുന്നത്. സ്വപ്നയുമായുള്ള ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തൽസ്ഥാനത്തു നിന്നും സർക്കാർ നീക്കുകയും ചെയ്തതോടെ ആരോപണം കൂടുതൽ ശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഓർമ്മിക്കേണ്ടത് മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ അടുത്ത് നടത്തിയ പ്രസ്താവനയാണ്. “പതിനൊന്നു മാസത്തിനുള്ളിൽ ഇനി എന്തെല്ലാം വരാൻ പോകുന്നു. ഈ മൺസൂൺ കാലത്ത് ഒരു പ്രളയം വരും. അതിനു ശേഷം സാമ്പത്തികപ്രശ്നം. ഇത് പിണറായി സർക്കാരിനുള്ള പിന്തുണ കുറയാൻ കാരണമാവും“- എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകൾ

എന്നാൽ സർക്കാരിന്റെ ജനസമ്മതിക്ക് കോട്ടം തട്ടാൻ പതിനൊന്നു മാസം പോലും കാത്തിരിക്കേണ്ടി വന്നില്ല. സ്വർണക്കടത്ത് കേസ് സർക്കാർ ഇതുവരെ നേടിയെടുത്ത പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നു തന്നെ പറയാം. പ്രതിപക്ഷ പാർട്ടികൾ ഇടത് സർക്കാരിനെതിരെ വൻ ആയുധമാക്കി സ്വർണക്കടത്ത് വേട്ട ഉയർത്തി പിടിക്കുമ്പോൾ ഘടകകക്ഷിയായ സി.പി.ഐ പോലും സർക്കാരിനെ പരോക്ഷമായി വിമർശിച്ച് രം​ഗത്തെത്തി.

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയ തൽസ്ഥാനത്ത് നിന്നും മാറ്റേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ വിമർശനം. ഐ.ടി. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എംട ശിവശങ്കർ ഐ.എ.എസിനെ തല്‍സ്ഥാനങ്ങളിൽ നിന്ന് മാറ്റിയെങ്കിലും ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന് സി.പി.ഐയുടെ മുഖപത്രമായ ജനയു​ഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

സ്വർണ കള്ളക്കടത്തെന്ന രാജ്യദ്രോഹക്കുറ്റത്തിന് സ്പീക്കറുടെ സുഹൃത്തിനെ കസ്റ്റംസ് തിരയുകയാണെന്നാണ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഫെയ്സ്ബുക്കിൽ കുറിച്ചത്. സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തത് സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.

ഇത്തരത്തിൽ സ്വപ്ന സുരേഷുമായി ഇടതുനേതാക്കളുടെ ബന്ധങ്ങൾ അന്വേഷിച്ച് കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചാണ് പ്രതിപക്ഷം സർക്കാരിനെതിരെ തിരിയുന്നത്.

ആരോപണം ഉയർന്ന് വന്ന് 24 മണിക്കൂറിനുള്ളിൽ സ്വപ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടും പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലയിൽ നിന്നും മാറ്റിയും സർക്കാർ പ്രതിസന്ധിയെ അതിജീവിച്ചെന്ന് കരുതാമെങ്കിലും ഇപ്പോള്‍ ഉയർന്നു വന്നിരിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല

സത്യാവസ്ഥ പുറത്ത് വരുന്നതു വരെ സർക്കാരിന് മേൽ തൂങ്ങുന്ന ഡമോക്ലീസിന്‍റെ വാളായി സ്വർണക്കടത്ത്  കേസ് നിലനിൽക്കും. കേസ് നീണ്ടു പോവുന്നതോടെ കോവിഡ് പ്രതിരോധത്തിലൂടെ സർക്കാർ നേടിയെടുത്ത പ്രതിച്ഛായയും വൈകുന്നേരത്തെ വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നേടിയെടുത്ത ജനസമ്മതിയും നഷ്ടപ്പെടാനും സാദ്ധ്യത കാണുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് വരെ വിഷയം ചർച്ചയായില്ലെങ്കിലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരായ വലിയ ആയുധമായി സ്വർണവേട്ടയും സ്വപ്ന സുരേഷും മാറും എന്ന കാര്യത്തില്‍  സംശയത്തിന് ഇടയില്ല.