അരങ്ങില്‍ നിന്നും അണിയറയിലേക്ക്‌ ഒരു തുള്ളല്‍യാത്ര...

മലയാള ഭാഷയുടെ പിതാവ് തുച്ഛത്തെഴുത്തച്ഛനെ തുള്ളല്‍ വേഷത്തില്‍ അരങ്ങിലെത്തിക്കണമെന്നായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍ എന്ന പ്രശസ്ത തുള്ളല്‍കലാകാരന്റെ ആഗ്രഹം. എന്നാല്‍ ആഗ്രഹങ്ങളൊന്നും പൂര്‍ത്തികരിക്കാന്‍ സമയം നല്‍കാതെ രംഗബോധമില്ലാത്ത കോമാളിയായ മരണം അദ്ദേഹത്തെ തിരശ്ശീലയ്ക്കു പിന്നില്‍ മറച്ചിരിക്കുന്നു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞ് വീണു. അരങ്ങില്‍ ഇനിയും ആടാനും പാടാനും പറയാനും അവസരം നല്‍കാതെ ഓട്ടംതുള്ളലിന്റെ ലോകത്തുനിന്ന് അദ്ദേഹം മാഞ്ഞുപോയിരിക്കുന്നു.

ഒരു കാലത്ത് കേവലം ഒരു ക്ഷേത്രകലയായി ഒതുങ്ങിപ്പോവുമായിരുന്നു നമ്മുടെ കുഞ്ചന്റെ തുള്ളല്‍ . വളരെ ചുരുക്കം പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു കേരളത്തില്‍ ഈ കലയെ അഭ്യസിപ്പിക്കാനും അഭ്യസിക്കാനും. അവരില്‍ ഏറ്റവും പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. ഊണിലും ഉറക്കത്തിലും തുള്ളല്‍ ഒരു ഉപാസനയായി സ്വീകരിച്ച കലാകാരന്‍. കദളിവനത്തിലെ ഹനുമാനായും,കല്യാണസൗഗന്ധികത്തിലെ ഭീമനായും പ്രേക്ഷകര്‍ക്കുമുന്നില്‍ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കങ്ങള്‍ പൊട്ടിച്ച്‌കൊണ്ട് ഇനി വരുന്ന തലമുറയിലേക്ക് കൂടി തുള്ളലിന്റെ മാഹാത്മ്യത്തെ പകര്‍ന്ന് നല്‍കുകയായണ് ഗീതാനന്ദന്‍.

ഇക്കാലമത്രയും തുള്ളലിനുവേണ്ടി ലോകമെമ്പാടും ഓടിനടക്കുകയായിരുന്നു അദ്ദേഹം. കഴിയാവുന്നിടത്തോളം പ്രേക്ഷകരെ ഓട്ടംതുള്ളല്‍ കാണിക്കുക, പരമാവധി ശിഷ്യഗണങ്ങളെ സമ്പാദിക്കുക എന്നത് ഒരു വ്രതമായി സ്വീകരിച്ചിരുന്നു ഈ കലാകാരന്‍. കേരളത്തില്‍ കലോത്സകാലമാകുമ്പോഴേക്കും ഓട്ടന്‍തുള്ളല്‍ വേദികള്‍ നിറഞ്ഞിരുന്നത് ഗീതാനന്ദന്‍ മാഷിന്റെ ശിഷ്യന്മാരെക്കൊണ്ടായിരുന്നു.

എന്നാല്‍ കലാമണ്ഡലത്തിന് പുറത്ത് ഓട്ടം തുള്ളല്‍ പഠിപ്പിക്കാന്‍ നല്ല അധ്യാപകരെയും പഠിക്കാന്‍ കഴിയുന്ന പുസ്തകങ്ങളും ലഭിക്കാത്തതില്‍ ഏറെ ദുഃഖിച്ചിരുന്നു ഗീതാനന്ദന്‍ മാഷ്. അടുത്തിടെയും മാഷ് ഇതിനെപ്പറ്റി പറയുകയുണ്ടായി.” തുള്ളല്‍ പഠിക്കാന്‍ ആധികാരികമായൊരു ഗ്രന്ഥമില്ല. കലാമണ്ഡലത്തില്‍ കൃത്യമായ സിലബസും പഠനരീതിയുമുണ്ട്. പക്ഷെ, പുറത്ത് അങ്ങനെയില്ല. കലാമണ്ഡലത്തിനു പുറത്ത് തുള്ളല്‍ പഠിക്കുന്നവര്‍ക്ക് തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരെ അറിയാനും ആഴത്തിലുള്ള തുള്ളല്‍ പഠനത്തിനും ഉതകുന്ന ഗ്രന്ഥമാണ് വേണ്ടത്”.

പാലക്കാട് ജില്ലയിലെ അകിലാണം സ്വദേശിയാണ് കലാമണ്ഡലം ഗീതാനന്ദന്‍ . സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കലാമണ്ഡലത്തിലെത്തിയതിലും ഗീതാനന്ദന്‍ മാഷിന് പറയാന്‍ ഒട്ടേറെ പിമ്പുറക്കഥകളുണ്ട്. പിന്നീട് അദ്ദേഹത്തിന് കലാമണ്ഡലത്തിലെ തുള്ളല്‍ വിഭാഗത്തിന്റെ മേധാവിയായി വളരാന്‍ പ്രചോദിതമായ കഥകള്‍.

ജീവിതമെന്നാല്‍ കല, കലയെന്നാല്‍ ജീവിതം അതാണ് ഓരോ കലാകാരനെയും അന്വര്‍ത്ഥമാക്കുന്നത്. ഗീതാനന്ദന്‍ മാഷിന്റെ ജീവിതവും അതിന് ഉദാഹരണമാണ്. എന്നെന്നും ഓര്‍ത്തുവയ്‌ക്കേണ്ട, പുതിയ തലമുറയ്ക്ക് പറഞ്ഞു നല്‍കേണ്ട ചരിത്രം. ഒരുപക്ഷെ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാരെ കഴിഞ്ഞ് കേരളീയര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരു തുള്ളല്‍മുഖം അതായിരിക്കും ഗീതാനന്ദന്‍മാഷ്.